തൃശൂർ. കരാർലംഘനം നടത്തിയതിന് രണ്ടു തവണ ടെർമിനേഷൻ നോട്ടീസ് നൽകിയ കമ്പനിക്ക് ആർബിറ്ററേഷൻ കേസ് സെറ്റിൽമെന്റ് ചെയ്ത് ദേശീയപാത അതോറിറ്റി കോടികൾ നൽകിയതായി വിവരാവകാശ രേഖ. 247.19 കോടി രൂപയാണ് ഈ കേസിൽ ദേശീയപാത അതോറ്റി കരാർ കമ്പനിയ്ക്ക് നൽകിയിട്ടുള്ളതെന്ന് കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ.കോടങ്കണ്ടത്തിന് നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാണ്. കരാർ ലംഘനം നടത്തിയതായി കാണിച്ച് ഈ കമ്പനിക്കെതിരെ 2014ലും 2019ലും ദേശീയപാത അതോററ്റി ടെർമിനേഷൻ നോട്ടീസ് നൽകിയിരുന്നതാണ്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും പണിയുമായി ബന്ധപ്പെട്ട് ദേശീയപാത അതോററ്റി 243.99 കോടി രൂപ ഗ്രാന്റായി കരാർ കമ്പനിയായ തൃശ്ശൂർ എക്‌സ്പ്രസ് വേയ്ക്ക് നേരത്തേ നൽകിയിരുന്നു. എന്നാൽ 30 മാസം കൊണ്ട് തീർക്കേണ്ട പണികൾ 12 വർഷം വൈകിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വമുളള കരാർ കമ്പനി ആർബിറ്ററേഷൻ കോടതിയിൽ ദേശീയപാത അതോററ്റിയ്ക്ക് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. ഈ കേസ് സെറ്റിൽമെൻറ് ചെയ്താണ് ദേശീയപാത അതോറ്റി കരാർ കമ്പനിയ്ക്ക് 247.19 കോടി രൂപ നൽകിയത്. തുരങ്കത്തിന്റെ പണിയ്ക്ക് 230.77 കോടി രൂപയാണ് ചെലവ് വന്നതെന്ന് കമ്പനി വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുണ്ട്. പദ്ധതിയുടെ മൊത്തം ചെലവ് 1553.61 കോടിയാണ്. അതിൽ 491.18 കോടി രൂപ ദേശീയപാത അതോറിറ്റി നൽകിയിട്ടുണ്ട്. ഇത് കൂടാതെ റോഡ് പണിക്കായി പാറകൾ പൊട്ടിച്ച് വിറ്റതിന്റെയും മണ്ണ് വിറ്റതിന്റെയും ലാഭം വേറെ. എന്നിട്ടും സാധാരണക്കാർ സഞ്ചരിയ്ക്കുന്ന ബസ്സുകളുടെ ടോൾ നിരക്ക് കുറയ്ക്കാൻ കരാർ കമ്പനി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.


0 Comments