വാണിയമ്പാറ. തകർന്നുപോയ സോളാർ വൈദ്യുതി വേലി പുനസ്ഥാപിക്കാത്തതിനെ തുടർന്ന് വാണിയമ്പാറയിലെ ആനവാരി മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ദിനംപ്രതിയെന്നോണം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും എത്തുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. വാഴ മാത്രമല്ല, ദീർഘകാല വിളകളായ തെങ്ങ് ജാതി എന്നിവയും കാട്ടാനകൾ നശിപ്പിക്കുകയാണ്. കഠിനാധ്വാനം ചെയ്തു ജീവിതം പുലർത്തുന്ന മലയോര മേഖലയിലെ കർഷകർക്ക് തങ്ങളുടെ അധ്വാനഫലം കാട്ടാനകൾ തകർക്കുന്നത് കണ്ടുനിൽക്കാനാണ് വിധി. ആനവാരി സ്വദേശികളായ ബാലൻ, പൈലി, ആലീസ്, അച്ചൻകുഞ്ഞ്, വത്സ എന്നിവരുൾപ്പെടെ ഈ ഭാഗത്തുള്ള മിക്കവരുടെയും പറമ്പുകളിൽ കാട്ടാനകൾ പതിവായി എത്തുന്നു. ഈ പ്രദേശത്ത് മൂന്നു കിലോമീറ്ററോളം സോളാർ വൈദ്യുതി വേലി തകർന്നിട്ട് കാലങ്ങളായി. ഇതുവഴിയാണ് അധികവും കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. വൈദ്യുതി വേലി തകർന്നത് പുനഃസ്ഥാപിക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ നിന്ന് മലയോര കർഷകർക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും തങ്ങളുടെ കഷ്ടപ്പാടിന് ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വേലി പുനർനിർമ്മിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
0 Comments