മണലിപ്പുഴയിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നു: നീക്കം ചെയ്യുന്നത് രണ്ട് വർഷമായി കൂട്ടിയിട്ട മണ്ണ്


കണ്ണാറ. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണലിപ്പുഴയിൽ നിന്നും മണ്ണ് നീക്കം ചെയ്തു തുടങ്ങി. രണ്ട് വർഷമായി കോരിയിട്ട മണ്ണാണ് ഇപ്പോൾ നീക്കം ചെയ്യാൻ തുടങ്ങുന്നത്. എന്നാൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ വേണ്ടത്ര മണ്ണ് നീക്കം ചെയ്യാൻ സാധിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. മഴക്കാലം അടുക്കുന്നതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ എന്ന പേരിൽ പുഴയിൽ അടിഞ്ഞുകൂടിയ മൺതിട്ട നീക്കം ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ നിക്കം ചെയ്യാൻ കോരിയിടുന്ന മണ്ണും ചെളിയും സമീപ ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ വീണ്ടും പുഴയിലേക്ക് തന്നെ വീഴുകയും ചെയ്യും. 2020 ജൂൺ 3ന് ആണ് ജലപ്രയാണം എന്ന പേരിൽ ആദ്യമായി പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. കണ്ണാറ പുഴയുടെ തീരത്താണ് പ്രവർത്തന ഉദ്ഘാടനം നടന്നത്. പ്രളയസാധ്യതകളെ മുന്നിൽകണ്ട് പുഴയിൽ അടിഞ്ഞുകൂടിയ മൺതിട്ടകളും പോയ വർഷങ്ങളിലെ പ്രളയാവശിഷ്ടങ്ങളും നീക്കം ചെയ്ത് മണലിപ്പുഴയുടെ ഒഴുക്ക് സുഗമമാക്കുന്ന  മണലിപ്പുഴ ശുചീകരണ പദ്ധതിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മണലിപ്പുഴയും കുറുമാലിപ്പുഴയും കരുവന്നൂർപ്പുഴയും കടന്നു പോകുന്ന പ്രദേശങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ അന്ന് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ടെൻഡർ നൽകിയെങ്കിലും വാഹനമിറക്കി കൊണ്ടുപോകാൻ കഴിയാത്ത നിലയിൽ മഴ ആരംഭിച്ചതോടെ മണ്ണ് നീക്കംചെയ്യാൻ ആരും മുന്നോട്ട് വന്നില്ല. അടുത്ത മഴയിൽ കോരിയിട്ട മണ്ണെല്ലാം പുഴയിൽ തന്നെ തിരികെ എത്തുകയും ചെയ്തു. ഈ വർഷം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് മണലിപ്പുഴ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഇത് പീച്ചിഡാം പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾ മാത്രമായി ചുരുങ്ങുകയായിരുന്നു. ഇതെതുടർന്ന് കണ്ണാറ പാലത്തിന് സമീപം ജെസിബി ഉപയോഗിച്ച് വീണ്ടും മണ്ണ് നീക്കം ചെയ്യാൻ ശ്രമം ആരംഭിച്ചു. എന്നാൽ മണ്ണും ചെളിയും കോരി കരയിൽ ഇട്ടതോടെ മഴ ആരംഭിച്ചു. ഓരോ വർഷവും ലക്ഷങ്ങൾ ചിലവിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നത്. മഴക്കാലം മാറി വേനൽ ആരംഭിക്കുന്ന സമയത്ത് ഇത്തരം പ്രവർത്തികൾ നടത്തിയാൽ വാഹനങ്ങൾ പുഴയോരത്ത് ഇറക്കി മണ്ണ് നീക്കം ചെയ്യാൻ സാധിക്കുമെന്ന് കരാറുകാർ പറയുന്നു. വരും വർഷങ്ങളിൽ അധികൃതർ ബുദ്ധിപൂർവ്വമുള്ള മുന്നൊരുക്കങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.



Post a Comment

0 Comments