പട്ടിക്കാട്. പ്രവാസി മലയാളികൾ രൂപം നൽകി എറണാകുളം കേന്ദ്രമായി ആരംഭിച്ച ഏബിൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പട്ടിക്കാട് ശ്രേയസ് ഹാളിൽ നടന്ന ഏബിൾ ഫൗണ്ടേഷൻ ഒല്ലൂക്കര ബ്ലോക്ക് ഓഫീഷ്യൽസ് ഇൻസ്റ്റലേഷൻ പ്രോഗ്രാമും പ്രവർത്തന വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പദ്ധതികൾ ആരംഭിക്കുകയും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഇത്രയും വിപുലമായ നിലയിൽ എത്തിയത് നേതൃത്വം നൽകുന്നവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മേഖല കോഓഡിനേറ്റർ തോമസ് കരിപ്പായി അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് കോഓഡിനേറ്റർ ഷാജി സി മുഹമ്മദ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വാർഡ് മെമ്പർ ആനി ജോയ്, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി ചാക്കോച്ചൻ, സുശീല രാജൻ, ഏബിൾ ഫൗണ്ടേഷൻ ഒല്ലൂക്കര ബ്ലോക്ക് കോഓഡിനേറ്റർ റീന മേരി ജോൺ, ലിൻസി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


0 Comments