എല്ലാവർക്കും ഭൂമി എല്ലാവർക്കും പട്ടയം: സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമാക്കുമെന്ന് മന്ത്രി കെ രാജൻ


പട്ടിക്കാട്. ഭൂരഹിതരില്ലാത്ത കേരളം എന്ന സംസ്ഥാന സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ് സംസ്ഥാന റവന്യൂ വകുപ്പ് എന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പട്ടിക്കാട് ഗലീലി ഓഡിറ്റോറിയത്തിൽ തൃശ്ശൂർ താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ വന ഭൂമിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മണ്ഡലങ്ങളിലായി ഒരു വർഷത്തിനകം 261 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. വരുന്ന ആഗസ്റ്റ് മാസത്തിന് മുമ്പായി 4837 പട്ടയ അപേക്ഷകൾ കേന്ദ്ര പതിവിന് അയക്കാൻ വേണ്ട നടപടികൾ എല്ലാം റവന്യൂ വകുപ്പ് പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി വില്ലേജിൽ 87 വനഭൂമി പട്ടയങ്ങളാണ് ഈ പട്ടയമേളയിൽ വെച്ച് വിതരണം ചെയ്യുന്നത്. 2011-16 കാലഘട്ടത്തിൽ ഒരു വനഭൂമി പട്ടയം മാത്രമാണ് നൽകിയതെങ്കിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 86 വനഭൂമി പട്ടയങ്ങളും പുതിയ സർക്കാരിന്റെ 100 ദിവസത്തിനുള്ളിൽ 87 പട്ടയങ്ങളും വിതരണം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ വർഷം മലയോര പട്ടയം ആദിവാസി പട്ടയം എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് റവന്യൂ വകുപ്പ് തയ്യാറെടുക്കുന്നത്. ഇനിയും പട്ടയ അപേക്ഷകൾ നൽകാൻ കഴിയാത്തവർക്കായി പ്രത്യേക അദാലത്തുകളും സംഘടിപ്പിക്കും. തൃശ്ശൂർ ജില്ലയിൽ പുതിയ സർക്കാരിന്റെ 100 ദിവസത്തിനുള്ളിൽ 3519 പട്ടയങ്ങൾ നൽകി. ഒരു വർഷം കൊണ്ട് ഇന്നത്തേത് ഉൾപ്പെടെ 11031 പട്ടയങ്ങൾ ആണ് നൽകുന്നതെന്ന് മന്ത്രി പ്രഖ്യാപിച്ചു. ചടങ്ങിൽ തൃശൂർ എംഎൽഎ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, എം.എം അവറാച്ചൻ, ടി.ആർ രാധാകൃഷ്ണൻ, പ്രനീഷ് നടുവിലവളപ്പിൽ, ആഡിഒ പി.എ വിഭൂഷണൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments