ദേശീയപാതയിൽ പൂർത്തീകരിക്കാനുള്ള പണികൾ ഇഴഞ്ഞു നീങ്ങുന്നു; മഴക്കാലത്ത് ദേശീയപാതയിലൂടെയുള്ള യാത്ര ദുരിത യാത്രയാകും


കുതിരാൻ. ടോൾ പിരിവ് അതിവേഗതയിൽ നടക്കുമ്പോഴും ദേശീയപാതയിൽ പൂർത്തീകരിക്കാനുള്ള പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. 90 ശതമാനം എന്ന സാങ്കേതിക വാദമുയർത്തി നിർമ്മാണപ്രവർത്തനങ്ങൾ  മുഴുവൻ പൂർത്തീകരിക്കാതെയാണ് കരാർ കമ്പനി ടോൾ പിരിവ് തുടങ്ങിയത്. എന്നാൽ ടോൾ പിരിവ് തുടങ്ങിയതിന് ശേഷം ദേശീയപാതയുടെ പണികൾ മന്ദഗതിയിലാണ് മുന്നോട്ടുനീങ്ങുന്നത് എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വഴുക്കുംപാറയിൽ നിന്ന് തുരങ്കങ്ങളിലേക്കുള്ള മേൽപാതയുടെ പണികൾ ഇത്രകാലമായിട്ടും പകുതിയോളമേ ആയിട്ടുള്ളൂ. വഴുക്കുംപാറ അടിപ്പാതയാകട്ടെ ഇതുവരെയും ഗതാഗതയോഗ്യമാക്കിയിട്ടില്ല. ഇരുമ്പ്പാലത്ത് വില്ലൻ വളവിൽ ആറുവരിപ്പാതയുടെയും സർവീസ് റോഡിന്റെയും പണികൾ ഇനിയും തീരാനുണ്ട്. സർവീസ് റോഡുകളിൽ ഉടനീളം പലയിടത്തും കാനയുടെ പണികൾ പൂർത്തീകരിച്ചിട്ടില്ല. മഴക്കാലം ആരംഭിച്ചതോടെ മിക്കയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. കാനകളിലേക്ക് വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത തരത്തിലുള്ള പണികളാണ് പലയിടത്തും ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ നിർമാണത്തിലെ അപാകതകളും അശാസ്ത്രീയതയും മൂലം മഴക്കാലത്ത് ദേശീയപാതയിലൂടെയുള്ള യാത്ര ദുരിത യാത്രയാകും എന്ന കാര്യത്തിൽ  സംശയിക്കേണ്ടതില്ല.


Post a Comment

0 Comments