കുതിരാൻ തുരങ്കത്തിനുള്ളിൽ കോടികളുടെ തട്ടിപ്പുപണികൾ നടത്തി കരാർ കമ്പനി; മൗനാനുവാദം നൽകി ദേശീയപാത അതോറിറ്റി


വാണിയമ്പാറ. കുതിരാനിലെ ഒന്നാം തുരങ്കത്തിനുഉള്ളിൽ കരാർ കമ്പനി ഇപ്പോൾ നടത്തുന്ന പണികൾ കോടികളുടെ തട്ടിപ്പിന് വഴിയൊരുക്കാനാണെന്ന് ആരോപണം. ഒന്നാം തുരങ്കത്തിനകത്ത് ഗാൻട്രി കോൺക്രീറ്റിംഗ് നടത്താത്ത ഇടങ്ങളിൽ ഫാബ്രിക്കേഷൻ പണികൾ നടത്തുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഗാൻട്രി കോൺക്രീറ്റിംഗ്  നടത്തുകയാണെങ്കിൽ ചുരുങ്ങിയത് 60 കോടിയോളം രൂപ ചെലവു വരുന്ന പണികൾ ഒന്നര കോടി രൂപയ്ക്ക്  പൂർത്തിയാക്കുന്നതിനു പിന്നിൽ അഴിമതിയാണ് ലക്ഷ്യമെന്നും ഇതിന് ദേശീയപാത അതോറിറ്റിയുടെ മൗനാനുവാദമുണ്ടെന്നുമുള്ള ആരോപണം ശക്തമാവുകയാണ്. പലയിടത്തും ഗാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയാക്കാതെയാണ്  ഒന്നാം തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നത്. രണ്ടാം തുരങ്കത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിനുശേഷം ഒന്നാം തുരങ്കത്തിലെ അവശേഷിക്കുന്ന ഗാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയാക്കുമെന്നായിരുന്നു കരാർ കമ്പനി അധികൃതർ അന്ന് നൽകിയിരുന്ന ഉറപ്പ്. എന്നാൽ അതിനുപകരം തുരങ്കത്തിനകത്ത് മേൽക്കൂരയിൽ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് ഫാബ്രിക്കേഷൻ നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് തുരങ്കത്തിനകത്തെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ് എന്നും മലയിടിച്ചിൽ ഉണ്ടായാൽ അത് തടയാൻ ഇപ്പോൾ  ചെയ്യുന്ന സംവിധാനങ്ങൾക്ക് കഴിയില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തുരങ്കത്തിനുള്ളിൽ  ഗതാഗതനിയന്ത്രണം നടപ്പിലാക്കിയാണ് പണികൾ നടത്തുന്നത്.



Post a Comment

0 Comments