പട്ടിക്കാട് . ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി കൃഷി നാശം ഉണ്ടായ സ്ഥലങ്ങളിൽ കേരള കർഷക സംഘത്തിന്റെ പ്രതിനിധികൾ സന്ദർശനം നടത്തി.അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിൽ പാണഞ്ചേരി പഞ്ചായത്തിലെ നിരവധി വാഴ കർഷകരുടെ ആയിരക്കണക്കിന് വാഴകളാണ് നിലംപതിച്ചത്. ഓണവിപണി ലക്ഷ്യമാക്കി. കൃഷിചെയ്തിരുന്ന കർഷകരുടെ അധ്വാനവും പ്രതീക്ഷകളുമാണ് തകർന്നടിഞ്ഞത്. സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ വി സജു, ഏരിയ പ്രസിഡണ്ടും സിപിഐഎം മണ്ണുത്തി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ എം.എസ് പ്രദീപ് കുമാർ, കേരള കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി പി.വി സുദേവൻ, ഇ.എം വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കർഷകർക്ക് ഉണ്ടായ വൻനഷ്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിന് ശ്രമിക്കുമെന്നും കെ.വി സജു പറഞ്ഞു. പലർക്കും മുൻവർഷങ്ങളിൽ ഉണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ട്. അതും, ഈ വർഷത്തെ നഷ്ടപരിഹാരത്തുകയും വേഗത്തിൽ ലഭ്യമാക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകുമെന്ന് എം.എസ് പ്രദീപ് കുമാർ പറഞ്ഞു. മയിലാട്ടുംപാറ കാഞ്ഞിരത്തിങ്കൽ യോഹന്നാൻ (150 വാഴ), മോഹനൻ താണിപ്പാടം (80), സണ്ണി കട്ടച്ചിറ (70),കെപി എൽദോസ് (200) സജി കട്ടച്ചിറ (325) അന്തിക്കാട്ടിൽ നിക്ലാവോസ് (100),വർഗീസ് മേലേചിറ (100) എന്നിവരുൾപ്പെടെ നിരവധി കർഷകരുടെ വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണ് നശിച്ചു.

0 Comments