വഴുക്കും പാറയിൽ മേൽപ്പാത നിർമ്മാണം പകുതി പൂർത്തിയായി

ട്ടിക്കാട്. വഴുക്കുംപാറയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാതയിലൂടെ താൽക്കാലികമായി വാഹനങ്ങൾ കടത്തിവിട്ടു. മേൽപ്പാതയുടെ നിർമ്മാണം പകുതിയോളം പൂർത്തിയായതിനെ തുടർന്നാണിത്. നിലവിൽ തൃശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെയാണ് ഇതുവഴി കടത്തിവിടുന്നത്. ഇന്നലെ ഉച്ചക്ക് ഒല്ലൂർ എസിപി കെ.സി സേതു, പീച്ചി സിഐ എസ്. ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മേൽപ്പാത ഗതാഗതത്തിന് തുറന്ന് കൊടുത്തത്. വലിയ വാഹനങ്ങളെ ആദ്യം കടത്തി വിട്ട് ഡ്രൈവർമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് തുടർച്ചയായി മറ്റു വാഹനങ്ങൾ കടത്തി വിട്ടത്. വഴക്കും പാറയിൽ നിന്നും ആരംഭിക്കുന്ന മേൽ പാതയുടെ തെക്ക് വശത്ത് കൂടിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇതോടെ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെയ്ക്കും. എന്നാൽ തൃശൂർ പൂരം കഴിയുന്നത് വരെ നിലവിലെ സർവ്വീസ് റോഡിൽ പണികൾ ആരംഭിക്കരുതെന്ന് കമ്പനി അധികൃതർക്ക് എസിപി പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഗതാഗതത്തിന് തുറന്ന് നൽകേണ്ടതിന് വേണ്ടിയാണിത്. കൂടാതെ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും പാതയിൽ സ്ഥാപിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. 9 മീറ്റർ ഉയരത്തിലാണ് മേൽ പാത പണിതിട്ടുള്ളത്. വടക്കു വശത്ത് മണ്ണിട്ട് നികത്തുന്ന പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. മഴക്കാലത്തിനു മുമ്പ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഉള്ള ശാശ്വത പരിഹാരം എന്ന നിലക്കാണ് നിലവിലെ ക്രമീകരണം. മേൽപ്പാതയുടെ പണികൾ പൂർത്തിയാകുന്നതോടെ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പ്രധാനപ്പെട്ട നിർമ്മിതികൾ എല്ലാം പൂർത്തിയാകുമെന്ന് കമ്പനി പിആർഒ അജിത് പറഞ്ഞു.



Post a Comment

0 Comments