പീച്ചി. പീച്ചി മയിലാട്ടുംപാറ അംബേദ്കർ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് എടുത്തതിനെ തുടർന്ന് ജലനിധിയുടെ പമ്പിങ് ലൈൻ അപകടാവസ്ഥയിൽ ആയി. ഇതുമൂലം ജലനിധിയുടെ പാലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്കുള്ള പമ്പിങ് നിർത്തിവെച്ചു. പാലത്തിന്റെ തൂണുകൾ നിർമ്മിക്കുന്നതിനായി പമ്പിങ് ലൈൻ പോകുന്ന പഴയ നടപ്പാത ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോൾ പൈപ്പുകളെ താങ്ങി നിർത്തിയിരുന്ന മൺതിട്ട കൂടി തകരുകയായിരുന്നു. ഇതേ തുടർന്നാണ് പൈപ്പ് ലൈൻ അപകടാവസ്ഥയിൽ ആയത്. ഇവിടെ മണ്ണെടുക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ല എന്നും ജലനിധി അധികൃതർ പറഞ്ഞു. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ കൊടുംവേനലിൽ കടുത്ത കുടിവെള്ളക്ഷാമത്തിന് ഇടയാകുമെന്നും നാട്ടുകാർ പറഞ്ഞു.


0 Comments