പട്ടിക്കാട് . പാണഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നെയിൽ ഫീവർ ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നെയിൽ ഫീവർ മാരകമായാൽ മരണംവരെ സംഭവിക്കാം. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ലെന്ന് വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി പറഞ്ഞു. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോൾ ആയിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമായില്ലെന്നും വരാം. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അവസ്മാരം, ഓർമ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ അടിയന്തരമായി ഗവ. ആശുപത്രികളിൽ ചികിത്സ നേടണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൊതുകു നശീകരണം ആണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. വീടിനകത്തും പുറത്തും തൊടിയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. രോഗം പരത്തുന്ന കൊതുക് 10 കിലോമീറ്റർ വരെ പറക്കും എന്നതിനാൽ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


0 Comments