കുതിരാൻ തുരങ്കത്തിനകത്ത് അശാസ്ത്രീയ ഗതാഗതനിയന്ത്രണം തുടരുന്നു; പണികൾ പൂർത്തിയാക്കാതെ ടോൾ പിരിവ് അനീതിയെന്ന് നാട്ടുകാർ

കുതിരാൻ. കുതിരാനിലെ ഒന്നാം തുരങ്കത്തിനുള്ളിൽ കരാർ കമ്പനി ഏർപ്പെടുത്തിയ അശാസ്ത്രീയ ഗതാഗതനിയന്ത്രണം തുടരുകയാണ്. ഗാന്ററി കോൺക്രീറ്റിംഗിന് പകരം നടത്തിയിരുന്ന ഫാബ്രിക്കേഷൻ പണികൾ ഇപ്പോൾ നടക്കുന്നില്ല. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ കിഴക്ക് ഭാഗത്തെ ഫാബ്രിക്കേഷൻ പണികൾക്കായാണ് തുരുങ്ക മുഖത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ ഭാഗത്ത് 200 മീറ്ററോളം ദൂരം ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് ബാരിയറുകൾ വെച്ച് ഗതാഗതം നിയന്ത്രിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിൽ ഒറ്റ വരി ഗതാഗതമായതോടെ ഗതാഗതക്കുരുക്കും പതിവായി. മാത്രമല്ല തുരങ്കത്തിന്റ പടിഞ്ഞാറ് ഭാഗത്തും ഒരു പാത പൂർണ്ണമായും അടച്ചിട്ട നിലയിലാണ്. രണ്ടാം തുരങ്കത്തിന്റെ പണികൾ മുഴുവൻ പൂർത്തീകരിച്ചു എങ്കിലും ഒന്നാം തുരങ്കത്തിനകത്ത് മിക്കയിടങ്ങളിലും ഗ്യാന്ററി കോൺക്രീറ്റിംഗ് നടത്താൻ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോൺക്രീറ്റിങ്ങിനു പകരം ഇരുമ്പു പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ച് ഫാബ്രിക്കേഷൻ ചെയ്ത് തുരങ്കത്തിനുള്ളിലെ മുകൾഭാഗം മറയ്ക്കാനുള്ള പണികളാണ് നടന്നുവന്നിരുന്നത്. എന്നാൽ നിലവിൽ പണികൾ നടക്കാതിരിക്കുമ്പോഴും തുരങ്കത്തിനകത്ത് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം ഒഴിവാക്കാൻ കരാർ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. കുതിരാൻ തുരങ്കത്തിന്റെ ഉൾപ്പെടെയുള്ള ടോൾ ആണ് പന്നിയങ്കരയിൽ ഈടാക്കുന്നത്. എന്നാൽ ഒന്നാം തുരങ്കത്തിനകത്തെ പണികൾ പൂർത്തിയാക്കാതെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ട് തുരങ്കത്തിന്റെ കൂടെ ടോൾ പിരിക്കുന്നത് അനീതിയാണെന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments