പട്ടിക്കാട്. ദേശീയപാതയിലെ അപകടനിരക്ക് അനുദിനം ഉയരുമ്പോഴും ചുവന്നമണ്ണ് ബീവറേജ് ഷോപ്പിന് മുന്നിലെ അനധികൃത പാർക്കിംഗ് തുടരുകയാണ്. ആറുവരിപ്പാതയിലെ ഇത്തരം അനധികൃത പാർക്കിംഗ് നിരവധി അപകടങ്ങളാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ചുവന്നമണ്ണ് പത്താം കല്ലിലെ ബീവറേജ് ഷോപ്പിന് മുന്നിലെ ദേശീയപാതയിൽ സദാ സമയവും ചരക്കു ലോറികളും ചെറു വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കാണാം. പ്രധാന പാതയിൽ തന്നെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് ഡ്രൈവർമാർ ആറുവരിപാത കുറുകെ കടന്നാണ് ഷോപ്പിൽ എത്തുന്നത്. ഈ ഭാഗത്ത് ദേശീയപാതയ്ക്ക് വളവുള്ളതുകൊണ്ട് അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സർവ്വീസ് റോഡിനോട് ചേർന്നാണ് ബീവറേജ് ഷോപ്പ്. പ്രദേശത്ത് സർവ്വീസ് റോഡിന്റെ പണികൾ പൂർത്തിയായിട്ടുള്ളതുമാണ്. എന്നാൽ ദേശീയപാതയിൽ നിന്നും സർവ്വീസ് റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആരും തയ്യാറാകുന്നുമില്ല. ഈ ഭാഗത്തെ ആറുവരിപാതയുടെ പണികൾ പൂർത്തിയായതിനാൽ നല്ല വേഗതയിലാണ് വാഹനങ്ങൾ കടന്നുവരുന്നത്. ഇതിനിടെ പ്രധാന പാതയിൽ വാഹനം നിർത്തിയിട്ടിരിക്കുന്ന കാര്യം ശ്രദ്ധയിൽ പെടില്ല. ഇത് വൻ ദുരന്തത്തിനാണ് വഴിയൊരുക്കുക. പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments