തെളിനീരൊഴുകും നവകേരളം: പാണഞ്ചേരി പഞ്ചായത്തിൽ ജല നടത്തവും ജല സഭയും സംഘടിപ്പിച്ചു


പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ നീർച്ചാലുകളും ജലാശയങ്ങളും ശുദ്ധീകരിച്ച് മാലിന്യ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് പ്രസിഡണ്ട് പറഞ്ഞു. മൺസൂൺ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പ്രളയത്തിന് ഇടയാക്കിയേക്കാവുന്ന തരത്തിൽ  നീർച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനായി വാർഡുകൾ തോറും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നീർച്ചാലുകളിലേക്കും ജലാശയങ്ങളിലേക്കും ജല നടത്തം സംഘടിപ്പിക്കുകയും ജനസഭ ചേരുകയും ചെയ്യും. മുഴുവൻ ജലസ്രോതസ്സുകളിലെയും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തും. പാണഞ്ചേരി പഞ്ചായത്തിലെ പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു സമീപം നടത്തിയ പരിപാടിയിൽ പട്ടിക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ അജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഗിരീഷ് കുമാർ, ശ്രീലക്ഷമി കെ.ജി, ശ്രുതി എസ് നായർ,  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. വി അനിത, ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, പഞ്ചായത്തംഗങ്ങളായ ജയകുമാർ, പി. എ ദീപു,  ആരിഫ റാഫി, എം.ജെ അനീഷ്, രേഷ്മ സജീഷ്, സ്വപ്ന രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി പി .ആർ ജോൺ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് പ്രദേശത്ത് പരിപാടി നടത്തിയത്.


Post a Comment

0 Comments