മുടിക്കോട് സെന്ററിലെ യു ടേൺ വീതി ചുരുക്കി നിർമ്മിച്ചു; അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ


പട്ടിക്കാട്. നിരവധി അപകട മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച മുടിക്കോട് സെന്ററിലെ യു ടേൺ വീതി ചുരുക്കി നിർമ്മിച്ചു. ഇതോടെ പ്രദേശത്തെ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ചില മാസങ്ങളായി മുടിക്കോട് സെന്ററിൽ അപകടങ്ങളും, അപകട മരണങ്ങളും പതിവ് കാഴ്ചയായി മാറിയിരുന്നു. വാഹനങ്ങൾ ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുന്നതും സർവ്വീസ് റോഡിൽ നിന്നും എതിർ ദിശയിലെ പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾക്ക് കാരണമായി. അതോടൊപ്പം പ്രദേശത്ത് നിർമ്മിച്ച യു ടേൺ 25 മീറ്റർ വീതിയിൽ ആയതോടെ വാഹനങ്ങൾ ദേശീയപാത മുറിച്ച് കടക്കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാതാവുകയും ചെയ്തു. കാൽനട യാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് ഇതിൽ ബുദ്ധിമുട്ടിയവരിൽ എറെയും. ഇതേ തുടർന്ന് പരാതികൾ ഉയർന്നതോടെ പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്ലാസ്റ്റിക് ബാരിയറുകൾ സ്ഥാപിച്ച് യു ടേൺ വീതികുറച്ച് ഗതാഗത പരിഷ്‌കരണം നടത്തിയിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് കമ്പനി അധികൃതരോട് 12 മീറ്റർ വീതിയിൽ യു ടേൺ ചുരുക്കി നിർമ്മിക്കാൻ സിഐ ആവശ്യപ്പെട്ടത്. എന്നാൽ ഇതൊരു താൽക്കാലിക പരിഹാരം മാത്രമാണെന്നും മുടിക്കോട് സെന്ററിൽ അടിപ്പാതയാണ് ആവശ്യമെന്നും നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments