സംസ്ഥാനത്തെ ആദ്യ റവന്യൂ കലോത്സവത്തിന് തൃശൂർ ആതിഥ്യം വഹിക്കും: ജൂൺ 24 മുതൽ 26 വരെ


തൃശൂർ. കേരളത്തിൽ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങി തൃശൂർ. ജൂൺ 24, 25, 26 തിയ്യതികളിൽ തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗൺ ഹാൾ, റീജണൽ തിയ്യറ്റർ, സിഎംഎസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് കലാമത്സരങ്ങൾ നടക്കുക. കലോത്സവത്തിന് ജൂൺ 24 വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടിൽ നടക്കുന്ന വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. കലോത്സവത്തോടനുബന്ധിച്ച് രാമനിലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വാർത്താസമ്മേളനത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാറും സന്നിഹിതയായിരുന്നു. തുടർന്ന് വിദ്യാർഥി കോർണറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂ കലോൽസവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മേയർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പത്മശ്രീ പുരസ്‌ക്കാര ജേതാക്കളായ പെരുവനം കുട്ടൻമാരാർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, പ്രൊഫസർ കെ സച്ചിദാനന്ദൻ, സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട്, സിനിമാ താരങ്ങളായ ഇന്നസെന്റ്, ജയരാജ് വാര്യർ, ഫുട്‌ബോൾതാരം ഐ എം വിജയൻ, സംഗീതജ്ഞരായ വിദ്യാധരൻ മാസ്റ്റർ, ഹരിനാരായണൻ തുടങ്ങിയ കലാകായികസാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ഘോഷയാത്രയിൽ വാദ്യ മേളങ്ങൾ, നാടൻകലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുണ്ടാകും. ജനപ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരക്കുമെന്നും മന്ത്രി അറിയിച്ചു. ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം സാസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ നാടൻ കലാ സന്ധ്യയും അരങ്ങേറും. 

ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള റവന്യൂ, സർവ്വേ, ഭവനനിർമ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാർക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരം നൽകുകയും ജോലിത്തിരക്കുകൾക്കും സമ്മർദ്ദങ്ങൾക്കുമിടയിൽ അവർക്ക് മാനസികോല്ലാസം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ കലോൽസവം സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തിൽ റവന്യൂ കലോൽസവം നടക്കുന്നത് ഇതാദ്യമായാണ്. ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയിച്ചവരാണ് സംസ്ഥാനതല കലോത്സവത്തിൽ മാറ്റുരയ്ക്കുക.
14 ജില്ലാ ടീമുകളും ഒരു ഹെഡ്‌കോർട്ടേഴ്‌സ് ടീമും ഉൾപ്പെടെ 15 ടീമുകൾ തമ്മിലായിരിക്കും മൽസരം. 39 ഇനങ്ങളിലാണ് മൽസരങ്ങൾ നടക്കുക. ജില്ലാ കലക്ടർമാർ ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 24ന് രാവിലെ ഒൻപത് മണി മുതൽ മൽസരങ്ങൾ ആരംഭിക്കും. അവസാന ദിവസമായ 26ന് വൈകീട്ട് 4.30 മുതൽ സമാപനസമ്മേളനവും സമ്മാനദാനവും പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, സർവീസ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന റവന്യൂകലോൽസവത്തോടനുബന്ധിച്ച് ജൂൺ 23ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കും. അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ. കെ സച്ചിദാനന്ദൻ, ഡോ. ഖദീജ മുംതാസ്, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. 

മത്സര ഷെഡ്യൂൾ:
ജൂൺ 24  തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ ഭരതനാട്യം, നാടോടിനൃത്തം 
ടൗൺ ഹാളിലെ രണ്ടാം വേദിയിൽ ലളിതഗാനം, നാടൻപാട്ട്, ഓട്ടൻതുള്ളൽ മത്സരങ്ങൾ
ജൂൺ 25  പ്രധാന വേദിയിൽ മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, മൈം 
ടൗൺ ഹാളിലെ വേദി  2 ൽ മാപ്പിളപ്പാട്ട്, ഒപ്പന,
വേദി 3 റീജിയണൽ തീയേറ്ററിൽ നാടകം
സിഎംഎസ് എച്ച് എസ് എസിലെ മിനി ഓഡിറ്റോറിയംവേദി 4 ൽ തബല, മൃദംഗം, ഗിറ്റാർ, വയലിൻ കർണാടിക്, വയലിൻ വെസ്‌റ്റേൺ തുടങ്ങിയവ.
സിഎംഎസ് എച്ച് എസ് എസിൽ തന്നെ ഒരുക്കിയിരിക്കുന്ന വേദി 5 ൽ രചനാമത്സരങ്ങൾ, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ
ജൂൺ 26  വേദി 1 ൽ തിരുവാതിര, നാടോടിനൃത്തം 
വേദി  2 ടൗൺ ഹാളിൽ കർണാടിക് മ്യുസിക്, ഹിന്ദുസ്ഥാനി മ്യൂസിക് 
വേദി 3 റീജിയണൽ തീയേറ്ററിൽ മിമിക്രി, മോണോആക്ട്
വേദി 4 സിഎംഎസ് എച്ച് എസ് എസ് മിനി ഓഡിറ്റോറിയത്തിൽ കവിതാലാപനം, പ്രസംഗം.



Post a Comment

0 Comments