പട്ടിക്കാട്. പാരിസ്ഥിതിക സംവേദക മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റ് ഇടപെടണം എന്നാവശ്യപ്പെട്ട് നാളെ (ജൂൺ 30) രാവിലെ 6 മുതൽ വൈകീട്ട് 6 വരെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുഴുവനായും എൽഡിഎഫ് ഹർത്താൽ ആചരിക്കുമെന്ന് സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ അറിയിച്ചു. ആരോഗ്യമേഖല, പത്രം, പാൽ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹർത്താലിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മാത്യു നൈനാൻ അറിയിച്ചു. വന്യജീവി
സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണായി (ഇക്കോ സെൻസിറ്റീവ് സോൺ) പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം മലയോര മേഖലയിൽ നിരവധി വില്ലേജുകളിലെ ജനങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പഞ്ചായത്തിലെ പീച്ചി പാണഞ്ചേരി മേഖലകളിൽ നിന്നും കാൽ നട പ്രചരണ ജാഥ നടത്തിയിരുന്നു. ഇന്ന് പഞ്ചായത്തിൽ പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തും. നാളെ രാവിലെ 9 മണിക്ക് പാണഞ്ചേരി മേഖല പഞ്ചായത്ത് പരിസരത്ത് നിന്നും പീച്ചി മേഖല പള്ളിക്കണ്ടത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം പട്ടിക്കാട് സെന്ററിൽ വന്ന് ചേരും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്, സിപിഐ ജില്ലാ അസി.സെക്രട്ടറി ടി.ആർ രമേഷ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, എൻസിപി നേതാക്കൾ, വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.



0 Comments