പട്ടിക്കാട്. അക്കാദമിക തലങ്ങളിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആത്യന്തിക
ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പട്ടിക്കാട് ഗവ. എൽ പി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യ വികസനം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും അതനുസരിച്ച് പ്രവർത്തനങ്ങൾ നടത്താനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വർഷത്തിന് മുമ്പായി പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയവ നിർമ്മിക്കാനായി എംഎൽഎ ഫണ്ടിൽ നിന്നും പൊതുവിദ്യാഭ്യാസ ഫണ്ടിൽനിന്നുമായി രണ്ടുകോടി രൂപ അനുവദിക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു. വർണ്ണശബളമായ പരിപാടികളോടെയാണ് ജില്ലാതല പ്രവേശനോത്സവത്തിന് തുടക്കമായത്. മുഖ്യാതിഥികളെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്രയിൽ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും പ്രശസ്ത വാദ്യകലാകാരൻ പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിച്ച മേളവും ആകർഷകമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ജില്ലാ കളക്ടർ ഹരിത വി കുമാർ, സിനിമാതാരം കാർത്തിക വെള്ളത്തേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിദ്യാഭ്യാസ പ്രവർത്തകൻ പി ചിത്രൻ നമ്പൂതിരിപ്പാടിനെ മന്ത്രി ആദരിച്ചു. തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി സജു, അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, കെ.വി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ഗവ. സ്‌കൂളുകളിലെ പ്രധാനാധ്യാപകർ, പിടിഎ പ്രസിഡണ്ടുമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. പഠനോപകരണങ്ങൾ, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണം, പ്രതിഭാ പുരസ്‌കാരങ്ങൾ നേടിയ വിദ്യാർഥികളെ ആദരിക്കൽ, ജല ഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം എന്നിവയും നടന്നു.

0 Comments