പട്ടിക്കാട്. അഭ്യസ്തവിദ്യർക്ക് മാത്രമേ സംരംഭങ്ങൾ തുടങ്ങാൻ കഴിയൂ എന്ന ധാരണ ശരിയല്ലെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സംരംഭക വർഷം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറച്ച ബോധ്യവും നിശ്ചയദാർഢ്യവും ആണ് സംരംഭകത്വ ത്തിന്റെ അടിസ്ഥാന ഗുണങ്ങൾ എന്നും വിദ്യാഭ്യാസം അതിന് തുണയാകും എന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ ഈ വർഷം സംരംഭക വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം പുതു സംരംഭങ്ങൾ എന്ന പദ്ധതി വ്യവസായ-വാണിജ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ ശിൽപ്പശാലയിൽ വ്യവസായ സംബന്ധിയായ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, കുടുംബശ്രീ ചെയർപേഴ്സൺ ഉഷ മോഹനൻ, വ്യവസായ വികസന ഓഫീസർമാരായ പി.ആർ മിനി, വി അശ്വിൻ, അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ ഷീല അലക്സ്, സുശീല രാജൻ, ഷൈലജ വിജയകുമാർ എന്നിവരും പങ്കെടുത്തു.


0 Comments