കൊച്ചി. ഒരു വയസ്സുള്ള കുട്ടി കളിയ്ക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങി ശ്വാസകോശത്തിൽ അകപ്പെട്ട മാലയുടെ ഭാഗം കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. പട്ടിക്കാട് സ്വദേശിയും കൊച്ചി അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ചീഫുമായ ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് സങ്കീർണ്ണമായ ചികിത്സാ നടപടികളിലൂടെ ശ്വാസകോശത്തിൽ അകപ്പെട്ട വസ്തു വിജയകരമായി പുറത്തെടുത്തത്. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശികളായ ബിൻഷാദ്, ഫാത്തിമ ദമ്പതികളുടെ മകന്റെ ശ്വാസകോശത്തിലാണ് മുത്തുമാലയുടെ ഒരു ഭാഗം അകപ്പെട്ടത്. ചുമയും തുടച്ചയായ ശ്വാസകോശ അണുബാധയും മൂലം നടത്തിയ എക്‌സ്‌റേ പരിശോധനയിൽ ശ്വാസകോശത്തിനുള്ളിൽ മാലയുടെ മുത്ത് കണ്ടെത്തി. തുടർന്ന് വിദഗ്ധചികിത്സക്കായി അമൃതയിൽ എത്തിച്ചു. ശ്വാസകോശത്തിന്റെ ഇടത്തേ അപ്പർ ലോബിൽ തങ്ങിയ മാലയുടെ ഭാഗം റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി അര മണിക്കൂറിനുള്ളിൽ പുറത്തെടുത്തു. 24 മണിക്കൂറിനുള്ളിൽ കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. പ്ലാസ്റ്റിക്കും ഗ്ലാസും കൊണ്ട് നിർമ്മിച്ച മുത്തിന്റെ ആകൃതിയും ശ്വാസകോശത്തിലെ അപ്പർ ലോബിന്റെ ഘടനാപരമായ സവിശേഷതയും മൂലം ബ്രോങ്കോസ്‌കോപ്പി വഴി അത് പുറത്തെടുക്കുക ശ്രമകരമായിരുന്നുവെന്ന് ഡോ.ടിങ്കു പറഞ്ഞു. ശ്വാസനാളിയെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങൾ കണ്ടെത്തി ചികിൽസിക്കുന്നതിനാണ് ബ്രോങ്കോസ്‌കോപ്പി ചെയ്യുന്നത്. അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം ഇതിനോടകം ആയിരത്തിലധികം റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സകൾ വിജയകരമായി ചെയ്തിട്ടുണ്ട്.
കുട്ടികളിലും മുതിർന്നവരിലും ചികിൽസിച്ചിട്ടും വിട്ടുമാറാത്ത ന്യുമോണിയ ഉണ്ടെങ്കിൽ അപൂർവ്വമെങ്കിലും അത് ശ്വാസകോശത്തിൽ ഏതെങ്കിലും ബാഹ്യവസ്തു അകപ്പെട്ടതുകൊണ്ടാകാം എന്ന സാധ്യതകൂടി പരിഗണിക്കേണ്ടതാണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.


0 Comments