പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം കോളനിയിൽ മലയൻ വീട്ടിൽ സിനിക്ക് 1,10,000 രൂപയുടെ സ്വർണാഭരണങ്ങൾ നൽകി. ബാല്യകാലത്തുതന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സിനിയെയും സഹോദരങ്ങളെയും സിനിയുടെ മൂത്ത സഹോദരി ഷീബയാണ് വളർത്തിയത്. സഹോദരങ്ങൾക്ക് വേണ്ടി വൈവാഹിക ജീവിതം പോലും വേണ്ടെന്നു വെച്ച ഷീബ മറ്റു സഹോദരിമാരുടെ വിവാഹം നടത്തി അയച്ചു. എന്നാൽ പ്രായമേറിയിട്ടും (36 വയസ്സ്) സിനിയുടെ വിവാഹം നടത്താൻ പ്രയാസപ്പെടുന്ന സമയത്താണ് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി സഹായവുമായി എത്തിയത്. പാണഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി 53 നിർധന യുവതികളുടെ വിവാഹത്തിന് സെറാഫ്‌സ് സഹായഹസ്തം ആയിട്ടുണ്ട്. തുടർ ചികിൽസ വേണ്ടവർക്ക് എല്ലാ മാസവും സഹായം, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് എല്ലാ മാസവും ഭക്ഷ്യവസ്തുക്കൾ നൽകുന്ന ഹങ്കർ റിലീഫ് പദ്ധതി, പഠനത്തിൽ മികവു പുലർത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായം, കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പദ്ധതി, അടിയന്തര ചികിത്സ വേണ്ടവർക്ക് ചികിത്സാസഹായം എന്നീ പദ്ധതികളിലായി ഓരോ വർഷവും 30 ലക്ഷത്തിലധികം രൂപയുടെ സഹായമാണ് സെറാഫ്‌സ് നൽകിക്കൊണ്ടിരിക്കുന്നത്. പയ്യനത്ത് സിനിയുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ആഭരണങ്ങൾ കൈമാറി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ, സെറാഫ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസ് തുരുത്താട്ട്, ടി.എസ് ഷാജി, സി.പി അനിൽ തുടങ്ങിയവർ പങ്കെടുത്തു.


0 Comments