കണ്ണാറ. മലമുക്ക് തൂമ്പുങ്ങൽ വർഗീസിന്റെ പശു ആണ് പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. 27 ദിവസം മുൻപാണ് റോഡരികിൽ പുല്ല് തീന്നുന്നതിനായി കെട്ടിയിട്ടിരുന്ന പശുവിനെ പേപ്പട്ടി കടിച്ചത്. പശുവിന്റെ മൂക്കിലാണ് കടിയേറ്റിട്ടുള്ളത്. കടിയേറ്റ ഉടനെ സോപ്പ് വെള്ളം ഉപയോഗിച്ച് മുറിവേറ്റ ഭാഗം കഴുകി
വൃത്തിയാക്കുകയും, വെറ്റിനറി ഡോക്ടറെ വിളിച്ച് ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ മുതൽ ഭക്ഷണവും വെള്ളവും കഴിക്കാതായതോടെ വീണ്ടും ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുവിന് പേവിഷബാധയേറ്റ കാര്യം സ്ഥിരീകരിച്ചത്. ഇന്ന് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർമാരെത്തി നടത്തിയ വിദഗ്ധ പരിശോധനയിൽ പശുവിനെ രക്ഷിക്കാൻ കഴിയില്ലെന്നും അറിയിച്ചു. നിലവിൽ പശുവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്. 24 മണിക്കൂർ സമയം ആണ് ഡോക്ടർമാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ 30 വർഷമായി പ്രദേശത്തെ ക്ഷീരകർഷകർ ആണ് വർഗീസും കുടുംബവും. ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം ഉണ്ടെന്നുള്ള കാര്യം പഞ്ചായത്ത് അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും ഇതുവരെ ഒരു നടപടിയും അതിനെതിരെ ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് ബാബു തോമസ് ആരോപിച്ചു. എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗം ബീന പൗലോസ്, മലമുക്ക് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ വി തോമസ്, സെക്രട്ടറി വിൽസൻ വർഗീസ്, റോയി തോമസ്, ജോജോ കണ്ണാറ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.



0 Comments