പട്ടിക്കാട്. വഴുക്കുംപായിൽ നിന്നും ചുവന്നമണ്ണ് ഭാഗത്തേക്കുള്ള സർവീസ് റോഡ് തകർന്നു തരിപ്പണമായി. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും ആരംഭിച്ചു. നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങൾ മാത്രം പഴക്കമുള്ള റോഡ് ആണ് തകർന്നത്. നിലവിൽ പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഈ സർവീസ് റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴ ആരംഭിച്ചതോടെ ഓരോ ദിവസവും തകർച്ച കൂടിവരികയാണ്. ഏകദേശം 50 മീറ്ററോളം ദൂരം ടാറിങ് പൂർണമായും ഇളകി പോയിട്ടുണ്ട്. ഇത് ഈ മേഖലയിൽ വലിയ ഗതാഗതകുരുക്കിനാണ് വഴിയൊരുക്കുക. നിലവിൽ ഈ
പ്രദേശത്ത് ടാറിങ് വേസ്റ്റുകൾ കൊണ്ട് കുഴിയടയ്ക്കാനും കമ്പനി അധികൃതർ ശ്രമിച്ചിട്ടുണ്ട്. ടോൾ പിരിവ് ആരംഭിച്ചതോടെ ദേശീയപാതയിലെ പല അറ്റകുറ്റപ്പണികളും നിർമ്മാണകമ്പനി നടത്തുന്നില്ലെന്ന പരാതി ഉയർന്നുവരുന്നുണ്ട്. പാണഞ്ചേരിയിലും ചെമ്പൂത്രയിലും വാഹനാപകടങ്ങളിൽ തകർന്ന അയൺ ക്രാഷ് ബാരിയറുകൾ ഇതുവരെ പുനസ്ഥാപിച്ചില്ല. കാനകൾക്ക് മുകളിലെ സ്ലാബുകൾ പലതും തകർന്നു തന്നെയാണ് കിടക്കുന്നത്. കാനകളിലേക്ക് വെള്ളം ഒഴുകാത്തതിനാൽ പ്രധാന പാതയിൽ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. ഇതിനെതിരെ അധികൃതർ ശക്തമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



0 Comments