കണ്ണാറ. വെറ്റിലപ്പാറ ഒരപ്പൻകെട്ട് റോഡിന് എംഎൽഎയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ അനുമതിയായിട്ടുള്ളതായി വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. എ.എസ് നടപടികൾ പൂർത്തിയായിട്ടുണ്ട്. മറ്റ് തുടർ നടപടികളും എത്രയും വേഗം പൂർത്തീകരിച്ച് റീടാറിങ് ആരംഭിക്കാനാകും എന്നും മെമ്പർ അറിയിച്ചു. ഇതിനുള്ള ഔദ്യോഗിക നടപടികൾ ബ്ലോക്ക് തലത്തിലാണ് നടക്കുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കരാറുകാർ മടിക്കുന്നതായും പറയുന്നു. നാല് വർഷമായി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട്. ഒരപ്പൻകെട്ടിലേക്ക് പോകുന്ന വിനോദ സഞ്ചാരികളും ആശ്രയിക്കുന്നത് ഈ റോഡിനെ തന്നെയാണ്. മാത്രമല്ല സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഇതിലൂടെ കടന്നുപോകാൻ. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തത് മറ്റൊരു പ്രശ്‌നമാണ്. ഇതിനാവശ്യമായ വൈദ്യുതി ലൈൻ സജ്ജമാണെങ്കിലും ഫണ്ട് ലഭ്യമല്ലാത്തതിനാൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അധികൃതർ ഇടപെട്ട് റോഡിന്റെ റീടാറിങ്, തെരുവ് വിളിക്കുൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments