കല്ലായിച്ചിറ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു


പട്ടിക്കാട്. കല്ലായിച്ചിറ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കല്ലായിച്ചിറയിലെ കയ്യേറ്റങ്ങൾ ഒഴുപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പട്ടിക്കാട് പീച്ചി റോഡിൽ പ്രവർത്തിക്കുന്ന ബാറിന് അരികിലൂടെ കടന്നുപോകുന്ന ചിറ മണലിപ്പുഴയിലാണ് ചെന്ന് ചേരുന്നത്. ഈ തോടിന് ഇരുവശവും കയ്യേറ്റം നടത്തി ചിറയുടെ വീതി കുറഞ്ഞതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനിടയിൽ 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിൽ കരിപ്പകുന്ന് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വീതികുറഞ്ഞ ചിറയിലൂടെ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതാണ് വീടുകളിൽ വെള്ളം കയറാൻ 


ഇടയാക്കിയത്. ഇതേതുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ കല്ലായിച്ചിറ സംരക്ഷണസമിതി രൂപീകരിച്ച് നിയമപോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. ഏറ്റവും ഒടുവിൽ കയ്യേറ്റങ്ങൾ ഒഴുപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളാൻ കോടതി പഞ്ചായത്തിനോട് ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് പലതവണ കയ്യേറ്റം സ്വയം പൊളിച്ചു മാറ്റുവാൻ കത്തു നൽകിയെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് നേരിട്ട് കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുകയായിരുന്നു. പീച്ചിറോഡ് മുതൽ കൂട്ടാല വരെയുള്ള ചിറയുടെ ഇരുവശങ്ങളിലെയും കയ്യേറ്റങ്ങൾ ഹിറ്റാച്ചി ഉപയോഗിച്ചു പൊളിച്ചു നീക്കി. പള്ളിക്കണ്ടത്ത് നിന്നും കൂട്ടാലക്ക് പോകുന്ന വഴിയിൽ കരിപ്പക്കുന്ന് മുട്ടി പാലത്തിന് സമീപം ചിറയുടെ ഇരുവശത്തുമുള്ള രണ്ട് സ്വകാര്യ വ്യക്തികൾ ചിറ കയ്യേറി മതിൽ കിട്ടിയിരുന്നു. ഇത് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ പഞ്ചായത്ത് മതിൽ പൊളിച്ചു നീക്കാൻ തീരുമാനിച്ചപ്പോൾ തോടിനോട് ചേർന്നുള്ള കൽകെട്ടുകൾക്ക് മുകളിലെ സംരക്ഷണ ഭിത്തി അവരവർ തന്നെ പൊളിച്ചു നീക്കി തുടങ്ങി. ബാക്കിയുള്ളവ ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ച് നീക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് സാവിത്രി സദാനന്ദന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ എഴുപത്തഞ്ച് ശതമാനം കൈയ്യേറ്റങ്ങൾ പൊളിച്ച് കഴിഞ്ഞു. ബാക്കിയുള്ളവ കൂടി പൂർത്തിയായാൽ കല്ലായിചിറ കൈയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിവാക്കി എന്ന് പഞ്ചായത്തിന് പറയാനാകും എന്ന് വൈസ് പ്രസിഡന്റ് സാവിത്രി സദാന്ദൻ പറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പഞ്ചായത്തിന്റെ സ്ഥലങ്ങൾ തിരികെ പിടിക്കുക എന്ന ഒരു വലിയ ദൗത്യമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. ജലജൻ, കെ.വി അനിത, പഞ്ചായത്ത് അംഗങ്ങളായ എം.ജെ അനീഷ്, ഷൈലജ വിജയകുമാർ, ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.



Post a Comment

0 Comments