പട്ടിക്കാട്. ദേശീയപാതയിൽ നിരന്തരം അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മുടിക്കോട് സെന്ററിൽ മറ്റൊരു അപകടക്കെണിയുമായി നിർമ്മാണ കമ്പനി. സർവ്വീസ് റോഡിൽ നിന്നും കൂട്ടാല ഭാഗത്തേക്ക് പോകുന്ന റോഡ് ആരംഭിക്കുന്നിടത്താണ് അപകടക്കെണി ഒരുക്കി വെച്ചിട്ടുള്ളത്. ഇവിടെ കാന നിർമ്മാണത്തിനായി മാസങ്ങൾക്ക് മുൻപ് എടുത്ത കുഴി ഇതുവരെ പൂർണ്ണമായും മൂടിയിട്ടില്ല. മാത്രമല്ല വേണ്ട സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. നാല് അടിയോളം താഴ്ചയുണ്ട് കുഴിക്ക്. ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടം പതിവായതോടെ നാട്ടുകാർ താൽക്കാലികമായി സ്ഥാപിച്ച ബാരിക്കേഡ് മാത്രമാണ് അപകട മുന്നറിയിപ്പായിട്ടുള്ളത്. ഇതുമൂലം റോഡിന്റെ പകുതിയോളം സഞ്ചാരയോഗ്യമല്ലാതായി. രാത്രിയിലെ വെളിച്ചക്കുറവ് മൂലം കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്നതായി നാട്ടുകാർ പറഞ്ഞു. നിർമ്മാണ കമ്പനി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.


0 Comments