തമ്പുരാട്ടിപ്പടിയിലെ പാറപൊട്ടിക്കൽ അവസാനഘട്ടത്തിൽ; തമ്പുരാട്ടിപ്പടി - പട്ടിക്കാട് സർവ്വീസ് റോഡ് ഉടൻ സഞ്ചാരയോഗ്യമാകും


പട്ടിക്കാട്. തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡ് നിർമ്മാണത്തിനായുള്ള പാറപൊട്ടിക്കൽ അവസാനഘട്ടത്തിൽ എത്തി. ഇതോടെ മാസങ്ങളായി പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് വിരാമമാവുകയാണ്. ആറുവരിപാതയിൽ അപകടങ്ങൾ വർധിച്ചതോടെ കല്ലിടുക്കിലേയും പട്ടിക്കാട് ബസ് സ്റ്റാന്റ് പരിസരത്തേയും യു ടേണുകൾ അടച്ചിരുന്നു. ഇത് പട്ടിക്കാട് നിന്നും തമ്പുരാട്ടിപ്പടി ഭാഗത്തേക്ക് പോകേണ്ടവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഒടുവിൽ താണിപ്പാടത്ത് പോയി തിരികെ വരേണ്ട അവസ്ഥയായിരുന്നു ഇവർക്ക്. സർവ്വീസ് റോഡ് പൂർത്തിയാകുന്നതോടെ 


ഹൈവേ ജങ്ഷനിലെ അടിപ്പാതയിലൂടെ കടന്ന് കല്ലിടുക്ക് ഭാഗത്തേക് പോകാനാകും. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന നിരവധി പ്രതിഷേധ സമരങ്ങൾക്കൊടുവിൽ ആണ് പ്രദേശത്ത് സർവ്വീസ് റോഡ് നിർമ്മിക്കാനായത്. കല്ലിടുക്ക് മുതൽ പട്ടിക്കാട് വരെയുള്ള സർവ്വീസ് റോഡിന്റെ പണികൾ പലഭാഗത്തും പൂർത്തിയായെങ്കിലും തമ്പുരാട്ടിപ്പടിയിൽ വനം വകുപ്പിന്റെ അനുമതി ലഭിക്കാതിരുന്നതിനാൽ പണി നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നത്. തുടർന്ന് ഒന്നര മീറ്റർ വീതിയിൽ ഈ ഭാഗത്തെ സർവ്വീസ് റോഡ് നിർമ്മിച്ചെങ്കിലും റോഡിലേക്ക് നിരന്തരമായി മണ്ണിടിഞ്ഞു വീണത് മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായി. പിന്നീട് വനഭൂമി വിട്ടുകിട്ടിയതോടെ കല്ലിടുക്കിൽ നിന്നും വരുന്ന സർവ്വീസ് റോഡിന്റെ അതേ വീതിയിൽ തന്നെ തമ്പുരാട്ടിപ്പടി ഭാഗവും പണിയാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. 2021 ഒക്ടോബറിൽ ആണ് തമ്പുരാട്ടിപ്പടിയിലെ പണികൾ പുനരാരംഭിച്ചത്. മണ്ണെടുത്ത് നീക്കിയതിന് ശേഷമാണ് പാറപൊട്ടിക്കൽ ആരംഭിച്ചത്. എന്നാൽ ജനവാസ മേഖല ആയതിനാൽ പ്രതീക്ഷിച്ച വേഗത്തിൽ പാറപൊട്ടിക്കൽ പൂർത്തിയാക്കാനായില്ല. ദിവസങ്ങൾക്കുള്ളിൽ പ്രദേശത്ത് പാറപൊട്ടിക്കൽ പൂർത്തിയാക്കുമെന്നും ടാറിങ് നടത്തി സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.



Post a Comment

0 Comments