വഴുക്കുംപാറ. വഴക്കും പാറയിലെ സർവീസ് റോഡ് പ്രശ്‌നത്തിന് നാലു ദിവസത്തിനകം പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി വാർഡ് മെമ്പർമാരായ കെപി ചാക്കോച്ചനും ബിജോയ് ജോസും പറഞ്ഞു. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ചേർന്ന് ജില്ലാ കളക്ടർക്കും ഹൈവേ അതോറിറ്റിക്കും നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് ഡെപ്യൂട്ടി കളക്ടർ യമുന, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, പീച്ചി പാണഞ്ചേരി വില്ലേജ് ഓഫീസർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പണികൾ നിർത്തി വെച്ചു. വഴക്കും പാറ സെൻററിൽ നിന്ന് തുരങ്കത്തിലേക്കുള്ള പ്രധാന പാതയുടെ നിർമ്മാണത്തിന്റെ മറവിൽ കരാർ കമ്പനി പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡ് മണ്ണിട്ട് അടയ്ക്കുകയായിരുന്നു. ഇതുമൂലം പ്രദേശത്തെ 45 ഓളം കുടുംബങ്ങൾ ദുരിതത്തിലായി. ബദൽ സൗകര്യം ഏർപ്പെടുത്താത്തതോടെ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യവും പൂർണ്ണമായും നിഷേധിക്കപ്പെട്ടു. ഇതേതുടർന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പ്രദേശത്തെ ജനങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. പലതവണ കരാർ കമ്പനി അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കാഞ്ഞതിനെ തുടർന്നാണ് കളക്ടർക്കും ഹൈവേ അധികൃതർക്കും പരാതി നൽകിയതെന്ന് മെമ്പർമാർ പറഞ്ഞു.


0 Comments