പട്ടിക്കാട്: ഞങ്ങളും കൃഷിയിലേക്ക് എന്ന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി ഇരുപത്തി രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ തരിശുഭൂമിയിൽ കൃഷിയിറക്കി. ഒന്നര ഏക്കറോളം വരുന്ന തരിശുഭൂമി പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയത്. പഞ്ചായത്ത് കൃഷി ഓഫീസർ ടി.ആർ അഭിമന്യു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിഷ രഹിത പച്ചക്കറിയിലൂടെ ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് ടി.ആർ അഭിമന്യു പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് തൊഴിലുറപ്പ് തൊഴിലാളികൾ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്. പയർ, പടവലം, വെള്ളരി, കപ്പ എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് അംഗം ഷൈലജ വിജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് മേറ്റ് ഏല്യാമ്മ രാജു, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments