വഴുക്കുംപാറ. കുതിരാനിൽ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ഇപ്പോൾ പതിവ് കാഴ്ചയാണ്. വഴുക്കുംപാറ സെന്റർ മുതൽ ആരംഭിക്കുന്ന ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം പ്രദേശത്ത് അശാസ്ത്രീയമായി നിർമ്മിച്ച ഹമ്പുകളെന്ന് നാട്ടുകാർ. പ്രദേശത്ത് സർവീസ് റോഡ്
വേണമെന്നും അല്ലാത്തപക്ഷം പ്രധാന റോഡിന്റെ നിർമ്മാണം തടയുമെന്നും നാട്ടുകാർ പറഞ്ഞ സാഹചര്യത്തിൽ മനപ്പൂർവ്വം പ്രദേശത്ത് ഹമ്പു സ്ഥാപിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ച് പുതിയ റോഡ് നിർമ്മാണം അതിവേഗത്തിൽ ആക്കുന്നതിനു വേണ്ടി ആണ് കരാർ കമ്പനി ഇത്തരമൊരു നീക്കം നടത്തിയത് എന്ന് പ്രദേശത്തെ പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ കെ പി ചാക്കോച്ചനും ആരോപിച്ചു. വഴുക്കുംപാറ മുതൽ മേൽപ്പാതയിലൂടെ താൽക്കാലികമായി നിർമ്മിച്ച പാതയിലാണ് നിലവിൽ വാഹനങ്ങളെ കടത്തിവിടുന്നത്. കയറ്റം കയറി ചെല്ലുന്ന വാഹനങ്ങൾ ഉടൻ താഴേക്ക് ഇറങ്ങിയാണ് വീണ്ടും തുരങ്കമുഖത്തേക്കുള്ള പാതയിൽ പ്രവേശിക്കുന്നത്. ഈ താൽക്കാലിക പാതയിലാണ് രണ്ട് ഹമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വരിയായി വരുന്ന വാഹനങ്ങളെ ഒറ്റവരിയാക്കി ഇതിലൂടെ കടത്തിവിടുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. അതോടൊപ്പം അടുത്തടുത്ത് സ്ഥാപിച്ചിട്ടുള്ള ഹമ്പുകൾ കൂടിയാകുന്നതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുന്നുമില്ല. ദേശീയപാതയിൽ തിരക്ക് കുറവുള്ള സമയങ്ങളിൽ പോലും ഈ ഒറ്റവരി പാതയിൽ വാഹനങ്ങൾ കുരുക്കിൽ പെട്ട് കിടക്കുകയാണ്. സ്‌കൂളുകൾ തുറന്നതോടെ രാവിലെയും വൈകീട്ടും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ എത്രയും വേഗം ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

.jpeg)

0 Comments