പട്ടിക്കാട്. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടാൻ തുടങ്ങിയതോടെ വർഷംതോറും നിരവധി കുട്ടികളാണ് സർക്കാർ സ്‌കൂളുകളിലേക്ക് മടങ്ങി എത്തുന്നത്. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ സർക്കാർ സ്‌കൂളുകളിലും ഈ മാറ്റം പ്രകടമാണ്. പുതിയ അധ്യയന വർഷാരംഭത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ രണ്ട് ഗവ. എൽപി സ്‌കൂളുകളിലായി പ്രവേശനം നേടിയത് മുന്നൂറിലേറെ വിദ്യാർത്ഥികൾ. പട്ടിക്കാട് ഗവ. എൽ പി സ്‌കൂളിൽ എൽകെജി വിഭാഗത്തിൽ 93 കുട്ടികൾ പുതിയതായി ചേർന്നപ്പോൾ ഒന്നാം ക്ലാസിൽ 117 കുട്ടികളും പ്രവേശനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 53 കുട്ടികൾ കൂടുതലായി ചേർന്നു. ഇതിൽ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും 19 വിദ്യാർത്ഥികൾ പട്ടിക്കാട് എൽപി സ്‌കൂളിൽ ചേർന്നിട്ടുണ്ട്. യുകെജിയിൽ നിലവിൽ 102 വിദ്യാർഥികളാണ് ഉള്ളത്. എൽകെജി, യുകെജി വിഭാഗങ്ങളിൽ 195 ഉം ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 433 വിദ്യാർത്ഥികളും അടക്കം 628 വിദ്യാർത്ഥികൾ ഈ വർഷം ഇവിടെ പഠിക്കും.


0 Comments