പട്ടിക്കാട്. മലയോര ഹൈവേ നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നതായി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പറഞ്ഞു. ചെന്നായിപാറയിൽ ആരംഭിക്കുന്ന അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ നിർമ്മാണത്തിനായി
സൗജന്യമായാണ് സർക്കാർഭൂമി ഏറ്റെടുക്കുക. ഏറ്റെടുക്കുന്ന ഭാഗത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടും, പെട്രോളിയം പൈപ്പ് ലൈന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോഴും ലഭിച്ചത് പോലെ മലയോര ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതല്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നതായും നാടിന്റെ വികസനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന മലയോര ഹൈവേയുടെ നിർമാണം തടസ്സപ്പെടുത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ മലയോര ഹൈവേ യ്ക്ക് വേണ്ടി മറ്റൊരു റൂട്ട് തിരഞ്ഞെടുത്താൽ അത് നാടിന്റെ വികസനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഒല്ലൂർ നിയോജക മണ്ഡലത്തിൽ രണ്ട് റീച്ചുകളിലാണ് മലയോര ഹൈവേ കടന്ന് പോകുന്നത്. ആദ്യ റീച്ച് പട്ടിക്കാട് മുതൽ വിലങ്ങന്നൂർ വരെ 5.3 കിലോമീറ്റർ. രണ്ടാമത്തെ റീച്ച് വിലങ്ങന്നൂർ മുതൽ വെള്ളിക്കുളങ്ങര വരെ 30.925 കിലോമീറ്റർ. ഇതിൽ രണ്ടാമത്തെ റീച്ചിൽ മലയോര ഹൈവേ കടന്ന് പോകുന്ന ഭാഗത്താണ് റോഡിന്റെ ഇരുഭാഗത്തു നിന്നും സൗജന്യമായി ഭൂമി ഏറ്റെടുക്കുന്നത്. വിലങ്ങന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ചു മാന്ദാമംഗലം, മരോട്ടിച്ചാൽ, പുളിഞ്ചോട് കവല, കള്ളായി, പുലിക്കണ്ണി, പാലപ്പിള്ളി, കുരുകുളം, ചൊക്കന, നായാട്ടുകുണ്ട് വഴി വെള്ളിക്കുളങ്ങര ജംഗ്ഷൻ വരെ ആണ് രണ്ടാമത്തെ റീച്ച്. ഈ പ്രവർത്തികൾക്കായ് 136.49 കോടി രൂപയ്ക്കുള്ള സാമ്പത്തികാനുമതി ലഭ്യമായിട്ടുമുണ്ട്.


.jpeg)
0 Comments