അധികൃതർ അനങ്ങിയില്ല: അപകടക്കുഴി നാട്ടുകാർ അടച്ചു


ആൽപ്പാറ. അധികൃതർ നടപടി എടുക്കാൻ തയ്യാറാകാതായപ്പോൾ അപകടക്കുഴി അടക്കാൻ നാട്ടുകാർ രംഗത്തെത്തി. ആൽപ്പാറ സെന്ററിൽ താമസിക്കുന്ന വ്യാപാരികൂടിയായ ചെങ്ങനിയാടൻ ജോസിന്റെ നേതൃത്വത്തിലാണ് പീച്ചിഡാം റോഡിൽ ആൽപ്പാറ സെന്ററിലെ അപകടക്കുഴി അടച്ചത്. സ്വന്തം പൈസ മുടക്കി സിമന്റും മണലും വാങ്ങിയാണ് പബ്ലിക് റോഡിലെ കുഴി അടയ്ക്കാൻ ഇവർ മുന്നിട്ടിറങ്ങിയത്. വഴിയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽ പെട്ട് കിടക്കുന്നത് കാണാൻ മനസ് അനുവദിക്കാത്തതാണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ കാരണമെന്ന് ജോസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ കണ്ണാറ സ്വദേശിയായ യുവാവ് ഈ കുഴിയിൽ വീണ് തെറിച്ച് അപകടത്തിൽപ്പെട്ടിരുന്നു. വിവിധ വകുപ്പുകളിൽപ്പെട്ട അധികൃതരുടെ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. എന്നിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. സർക്കാർ ആവശ്യപ്പെടുന്ന നികുതി നൽകി വാഹനങ്ങൾ ഓടിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷക്ക് വേണ്ട അറ്റകുറ്റപണികൾ നടത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ പറഞ്ഞു.


Post a Comment

0 Comments