കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ദേശീയ നേതാക്കളെ നിശബ്ദരാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ജോൺ ഡാനിയേൽ


പട്ടിക്കാട്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സിന്റെ ദേശീയ നേതാക്കളെ നിശബ്ദരാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു. ദേശീയ നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പട്ടിക്കാട് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിക്ക് വേണ്ടി സ്വകാര്യ സേനയെ സൃഷ്ടിക്കാനുള്ള നീക്കമാണ് അഗ്‌നിപഥിലൂടെ ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ അധ്യക്ഷനായി.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പ്രതികാരനടപടികൾ എന്ന് അഭിലാഷ് പറഞ്ഞു. മിൽമ ഡയറക്ടർ ബോർഡംഗം ഭാസ്‌കരൻ ആദംകാവിൽ, പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, റോയ് കെ ദേവസി, എം എ മൊയ്തീൻകുട്ടി, പി.ജി ബേബി, എ.സി മത്തായി, സി വി ജോസ്, ടി.വി ജോൺ, കെ എം പൗലോസ്, സാലി തങ്കച്ചൻ, റീന ജോൺ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments