ഓൺലൈൻ കോഴ്‌സുകളുടെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ്


തൃശൂർ. ഓൺലൈൻ കോഴ്‌സുകളുടെ പേരിൽ രാജ്യവ്യാപകമായി തട്ടിപ്പ് നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ്. വിവിധ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിക്കുന്ന സമയമായതിനാൽ വ്യാജ കോഴ്‌സുകളുടെ പേരിലാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നത്. ജാഗ്രത പുലർത്തിയില്ലെങ്കിൽ പണം നഷ്ടപ്പെട്ടേക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഓൺലൈൻ കോഴ്‌സുകളെക്കുറിച്ച് അറിവുള്ളവരോടോ, അദ്ധ്യാപകരോടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക, ഓൺലൈൻ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുക, ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തുക എന്നിവയാണ് കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ. ജോലി ചെയ്തതിനുശേഷം ഉദ്യോഗാർത്ഥികളുടെ യോഗ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക ചൂഷണത്തിനും വിധേയരാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ കോഴ്‌സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുക്കേണ്ടതാണ്. കോഴ്‌സുകൾക്ക് ഓൺലൈനിലൂടെ പ്രവേശിക്കുന്നതിന് മുൻപ് ആ അക്കാഡമിയുടെയോ സ്ഥാപനത്തിന്റെയോ അംഗീകാരവും മറ്റു വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി പരിശോധിക്കണം. ഡിഗ്രി, പിജി തുടങ്ങിയ കോഴ്‌സുകൾ എടുക്കുന്നതിനും മുൻപ് അംഗീകൃത യൂണിവേഴ്‌സിറ്റിയാണോയെന്ന് അറിയണം. മാത്രമല്ല അനാവശ്യമായി ഒരു ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും പോലീസ് അധികാരികൾ അറിയിച്ചു.



Post a Comment

0 Comments