പട്ടിക്കാട്. ഇന്നലകളെ കുറിച്ചും നാളെയെ കുറിച്ചും ചിന്തിക്കുന്നവർക്കാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആർജ്ജവവും അവസരവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സർ സി രവീന്ദ്രനാഥ് നയിച്ചു. ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് മുഖ്യകാരണം പ്രകൃതിയിൽ നിന്നുള്ള മനുഷ്യന്റെ അകൽച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ വൃക്ഷത്തൈ വിതരണം, പരിസ്ഥിതി ദിന പ്രതിജ്ഞ, സെമിനാർ, പരിസ്ഥിതിദിന ചിത്രരചന പ്രദർശനം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി പ്രേമകുമാർ, പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, വാർഡ് മെമ്പർ ആനി ജോയ്, വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി, ടെക്‌നിക്കൽ അസിസ്റ്റൻറ് പി.കെ രാജു, ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ ടി.എ ഹരിതാ ദേവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ കെ.എൻ സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു, ഹെഡ്മാസ്റ്റർ എം.കെ സോമൻ, പിടിഎ പ്രസിഡണ്ട് പിവി സുദേവൻ എന്നിവർ പ്രസംഗിച്ചു.


0 Comments