പീച്ചി. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ ഫ്‌ലോട്ടിങ് ഇൻടേക്ക് പമ്പിങ് സിസ്റ്റത്തിന്റെ മോട്ടോർ ട്രയൽ റൺ വിജയിച്ചു. ട്രയൽ റൺ മൂന്നുദിവസം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറു മണിയോടുകൂടിയാണ് ട്രയൽ പമ്പിങ് ആരംഭിച്ചത്. പമ്പിങ് ആരംഭിച്ചതിനു ശേഷം ഓരോ വാൽവുകളും തുറന്ന് വെള്ളത്തിന്റെ പ്രഷർ നിയന്ത്രിച്ച് പൈപ്പിലെ ചെളിയും മറ്റ് അഴുക്കുകളും നീക്കം ചെയ്തതിനുശേഷമാണ് വെള്ളം പ്ലാന്റിലേക്ക് എത്തിച്ചത്. പമ്പിങ് തുടങ്ങി അരമണിക്കൂറിനുള്ളിൽ വെള്ളം പ്ലാന്റിൽ എത്തി. ഡാമിന്റെ ഉപരിതലത്തിൽ നിന്നും എടുക്കുന്ന വെള്ളം 800 എം എം പൈപ്പിലൂടെ കടത്തിവിട്ട് പകുതി എത്തുമ്പോൾ 700 എം. എം പൈപ്പ് വഴിയാണ് പ്ലാന്റിലേക്ക് എത്തിക്കുന്നത്.
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ എൻ സുരേന്ദ്രൻ, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് കെ ജി, അസിസ്റ്റൻറ് എൻജിനീയർ ജെസിൽ തങ്കച്ചൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പമ്പിങ്ങ് ആരംഭിച്ചത്. മൂന്ന് ദിവസത്തെ ട്രയൽ റൺ വിജയം കണ്ടാൽ ജലവിതരണം പൂർണ്ണമായ രീതിയിൽ തൃശ്ശൂർ പട്ടണത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ എൻ സുരേന്ദ്രൻ പറഞ്ഞു. ഡാമിന്റെ കെട്ടിൽ നിന്ന് 60 മീറ്റർ ദൂരത്തിൽ വെള്ളത്തിനു നടുവിൽ ജലോപരിതലത്തിൽ നിന്നു ഒന്നരയടി താഴ്ന്നു നിൽക്കുന്ന 3 മോട്ടോറുകളാണു സ്ഥാപിച്ചിട്ടുള്ളത്. 215 എച്ച്പി വീതമുള്ള 3 മോട്ടോറുകൾക്കും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെങ്കിലും ആദ്യ ഘട്ടത്തിൽ ഒരു മോട്ടോറാണു പ്രവർത്തിക്കുക . ഒരു ദിവസം 20 ദശലക്ഷം ലീറ്റർ വെള്ളം സംഭരിക്കുന്ന പീച്ചിയിലെ തന്നെ രണ്ട് ടാങ്കുകളിലേക്കാണ് വെള്ളം ആദ്യം എത്തുന്നത്. തുടർന്ന് ഇത് ശുദ്ധീകരിച്ചു തേക്കിൻ കാട് മൈതാനത്തെ 20 എം എൽഡിയുടെ ടാങ്കിലേക്കാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുക. അടുത്ത ഘട്ടത്തിൽ 36 എംഎൽഡി ടാങ്കിലേക്കുള്ള ജലവിതരണവും ഫ്‌ലോട്ടിങ് ഇൻ ടേക്ക് പദ്ധതി മുഖേന നടപ്പാക്കും



0 Comments