തൃശൂർ. കൊക്കാലയിലുള്ള സ്ഥാപനത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന പാണഞ്ചേരി സ്വദേശിയുടെ ബൈക്ക് മോഷണം നടത്തി കൊണ്ടു പോകുന്നതിനിടെ കൊടുങ്ങല്ലൂർ എസ്.എൻ.പുരം കോതപറമ്പ് കോലാട്ട് അമൽരാജ് (27) പോലീസ് പിടിയിലായി. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നഗരത്തിൽ നൈറ്റ് പട്രോളിങ്ങ് നടത്തുകയായിരുന്നു ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ എൻ.ബി, സിവിൽ പോലീസ് ഓഫീസർമാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് എന്നിവർ വെളിയന്നൂർ ഭാഗത്ത് എത്തിയപ്പോൾ ഒരു യുവാവ് ബൈക്കുമായി റോഡരികിൽ നിൽക്കുന്നതു
കണ്ടു. നിരവധി തവണ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുകയും എന്നാൽ സ്റ്റാർട്ടിങ്ങ് ട്രബിൾ മൂലം വാഹനം സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ടുന്നതുപോലെ പോലീസിന് തോന്നി. പോലീസ് അയാളെ സഹായിക്കാനായി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന ബൈക്കിന്റെ താക്കോൽ ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടു. ബൈക്കിന്റെ ഇലക്ടിക്കൽ ഭാഗത്തേക്കുള്ള വയറുകൾ വിഛേദിച്ചിരിക്കുന്നതും പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. തുടർന്ന് അയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അത് മോഷ്ടിച്ച ബൈക്ക് ആണെന്ന് തെളിഞ്ഞത്. ഇയാൾക്കെതിരെ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.



0 Comments