പീച്ചി. 1500 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പീച്ചി ജലനിധി പദ്ധതിയുടെ ജലവിതരണം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. പീച്ചിയിൽ മണലിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ തിനെത്തുടന്ന് കഴിഞ്ഞ മാസം പമ്പിംഗ് ലൈൻ തകരാറിലായിരുന്നു. ഇതുമൂലം പമ്പിങ് പൂർണ്ണമായും നിർത്തിവെക്കേണ്ടിവന്നു. ഒരു മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. എത്രയും വേഗം തകരാർ പരിഹരിച്ച് പൈപ്പ് ലൈൻ പുനസ്ഥാപിക്കാൻ വേണ്ട പണികൾ നടത്തുമെന്ന് പാലത്തിന്റെ കരാറുകാർ
ഉറപ്പുനൽകിയിരുന്നു. പണികൾ തുടങ്ങിയെങ്കിലും പൈപ്പ് ലൈൻ പൂർണതോതിൽ ഉറപ്പിക്കാൻ കഴിയുന്ന തരത്തിൽ പണികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴെന്ന് കരാറുകാരും ജലനിധി അധികൃതരും പറയുന്നു. കഴിഞ്ഞദിവസം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനും മറ്റു ജനപ്രതിനിധികളും ബന്ധപ്പെട്ടവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണികൾക്കായി കുറച്ചു ഭൂമി കൂടി സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുക്കേണ്ടതുണ്ട്. റോഡിന്റെ പണികൾ കൂടി മുന്നോട്ടു നീക്കിയെങ്കിലേ പൈപ്പ് ലൈൻ വേണ്ട രീതിയിൽ ഉറപ്പിക്കാൻ കഴിയൂ. ഭൂരിഭാഗം കമ്മറ്റിയംഗങ്ങളുടെ നിസ്സഹകരണവും സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ രാജിയും തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങളാൽ വലയുന്ന ജലനിധിക്ക് ഇപ്പോഴത്തെ പ്രശ്‌നം കൂനിന്മേൽ കുരു എന്ന പോലെയായി. അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



0 Comments