റോഡിൽ ഇറിഗേഷൻ വക ചെളി: പൊറുതിമുട്ടി നാട്ടുകാർ


പീച്ചി. മണലിപ്പുഴയിൽ നിന്നും കോരിയെടുക്കുന്ന മണ്ണ് റോഡരികിൽ കൂട്ടിയിടുന്നത് മൂലം വഴി നടക്കാൻ കഴിയാതെ വലയുകയാണ് നാട്ടുകാർ. പീച്ചി ഡാമിന് താഴെ നദിക്കര ക്ഷേത്രത്തിനു സമീപം മണലിപ്പുഴയിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണാണ് റോഡരികിൽ കൂട്ടിയിട്ടിരുന്നത്. ഇത് മഴയിൽ ഒലിച്ചിറങ്ങി റോഡ് മുഴുവൻ ചെളിക്കുണ്ടായി മാറി. സ്‌കൂൾ കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കാൽനടക്കാരും ഇരുചക്രവാഹനങ്ങളിൽ കടന്നു പോകുന്നവരും ആണ് ഏറെ ദുരിതത്തിലായത് . പുഴയിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് അപ്പപ്പോൾ തന്നെ ഇറിഗേഷൻ വക സ്ഥലത്തേക്ക് നീക്കി ഇടുന്നതിനു പകരം റോഡരികിൽ കൂട്ടി ഇട്ടതാണ് ചെളിക്കെട്ട് ഉണ്ടാകാൻ കാരണം. ചുറ്റുപാടും ഇറിഗേഷൻ വക ഭൂമി ഉണ്ടായിട്ടും മണ്ണ് അവിടെ കൊണ്ട് ഇടാതെ റോഡരികിൽ തന്നെ ഇട്ടത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡരികിൽ തന്നെ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കൂട്ടിയിട്ട മണ്ണ് മഴക്കു മുമ്പേ നീക്കിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം രൂക്ഷമാകുമായിരുന്നില്ലെന്നും അവർ പറഞ്ഞു.  ഇപ്പോൾ മണ്ണ് ഇവിടെ നിന്ന്  നീക്കാൻ തുടങ്ങിയിട്ടുണ്ട്.  പുഴയിൽ നിന്നും  മണ്ണ് എടുക്കുന്ന പണികളും നടക്കുന്നുണ്ട്. റോഡരികിൽ നിന്നും നീക്കുന്ന മണ്ണ് ഇറിഗേഷൻ വകുപ്പിന്റെ ക്വാർട്ടേഴ്‌സുകൾ ഉള്ള കാമ്പസ്സിൽ കൂട്ടിയിട്ടതിനു ശേഷം ലേലം ചെയ്ത് നൽകാനാണ് തീരുമാനം എന്നറിയുന്നു. ഏതായാലും അടിയന്തരമായി റോഡിലെ ചെളിക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തു വരുമെന്ന് ബി ജെ പി മയിലാട്ടുംപാറ 53ാം ബൂത്ത് പ്രസിഡണ്ട് സുഹാസ് പറഞ്ഞു.



Post a Comment

0 Comments