കർഷക ക്ഷേമത്തിനുള്ള സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പാണ് കർഷക ക്ഷേമനിധി ബോർഡെന്ന് മന്ത്രി കെ രാജൻ


പട്ടിക്കാട്. കേരളത്തിലെ കർഷകരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാനമായ ചുവടുവെപ്പാണ് കർഷക ക്ഷേമനിധി ബോർഡ് എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ കേരള കർഷക ക്ഷേമനിധി ബോർഡ് അംഗത്വ രജിസ്‌ട്രേഷൻ ക്യാമ്പയിനിന്റെ തൃശ്ശൂർ ജില്ലാതലോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയുമായി ബന്ധപ്പെട്ട് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ മനസ്സിലാക്കുവാനും അതിൽ ഇടപെട്ട് പ്രവർത്തിക്കാനും  ജനപ്രതിനിധിയും മന്ത്രിയും എന്ന നിലയിൽ തനിക്ക്  കഴിഞ്ഞിട്ടുണ്ടെന്ന് കെ. രാജൻ പറഞ്ഞു. കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമത്തിന് 

പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. കേരള കർഷക ക്ഷേമനിധി ബോർഡ്  അസി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.പി സുധീശൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി എന്നിവർ  മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ , ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, കെ.വി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.വി വസന്തകുമാർ, ജില്ലാ കൃഷി ഓഫീസർ സരസ്വതി, കൃഷി അസി. ഡയറക്ടർ സത്യ വർമ്മ, കർഷക ക്ഷേമനിധി ബോർഡ് അഡ്മിനിസ്‌ട്രേറ്റർ ബി എസ് അരവിന്ദ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments