പട്ടിക്കാട്. വഴുക്കുംപാറയിൽ മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ച ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി. ഈ ഭാഗം ഫിൽട്ടർ മീഡിയൻ വിരിച്ച് മണ്ണിടിച്ചിൽ തടയാനുള്ള കമ്പനിയുടെ ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. വഴുക്കുംപാറ സെന്ററിൽ നിന്നും ഒമ്പത് മീറ്റർ ഉയരത്തിൽ പോകുന്ന മേൽപ്പാതയുടെ കിഴക്ക് ഭാഗത്താണ് വശങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കാതെ മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ പ്രദേശ വാസികൾ പ്രതിഷേധിക്കുകയും പണികൾ നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന്
സംരക്ഷണം എന്ന പേരിൽ കോൺക്രീറ്റ് ഗർഡറുകളും കല്ലുകളും മണ്ണിട്ട ഭാഗത്ത് പതിക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം ആരംഭിച്ച ശക്തമായ മഴയിൽ പ്രദേശത്തെ മണ്ണ് കുത്തിയൊലിച്ച് പോകുകയും പലഭാഗത്തും മണ്ണ് നിരങ്ങി നീങ്ങുകയും ചെയ്തു. ഇതോടെ നിർമ്മാണ കമ്പനി അധികൃതർ എത്തി ഫിൽട്ടർ മീഡിയൻ ഉപയോഗിച്ച് മണ്ണിടിച്ചിൽ തടയാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. മേൽപ്പാത നിർമ്മാണ സമയത്ത് കോൺക്രീറ്റ് ഭിത്തികൾക്കിടയിൽ മണ്ണിട്ട് നികത്തിയപ്പോൾ ഈർപ്പം നിയന്ത്രിക്കാൻ ഉപയോഗിച്ച ഷീറ്റാണ് ഫിൽട്ടർ മീഡിയ. ഇതൊന്നും മണ്ണിടിച്ചിൽ തടയില്ലെന്നും മഴ കനത്താൽ ഈ ഭാഗത്തെ മണ്ണ് പൂർണ്ണമായും ഇടിയുമെന്നും മുകളിൽ പുതുതായി നിർമ്മിച്ച റോഡ് തകരുമെന്നും നാട്ടുകാർ പറഞ്ഞു. അത് റോഡിന് താഴെ താമസിക്കുന്ന ആളുകളുടെ ജീവന് ഭീഷണിയാണെന്നും ഇവർ പറയുന്നു. എത്രയും പെട്ടെന്ന് അധികൃതർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. നിർമ്മാണ കമ്പനിയുടെ ഇത്തരത്തിലുള്ള അശാസ്ത്രീയ നിർമ്മാണത്തിൽ ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ.



0 Comments