പീച്ചിഡാം ഉദ്യാനത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു


പട്ടിക്കാട്. പീച്ചിഡാം ഉദ്യാനത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ച് നൽകുമെന്ന് പീച്ചി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടിവ് എഞ്ചിനീയർ സജിത്ത് ബന്ധപ്പെട്ടവർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതെ തുടർന്നാണ് പണികൾ ആരംഭിച്ചത്. റോഡിന് അരികിലൂടെ പുതിയതായി സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്താണ് കനത്ത മഴയെ തുടർന്ന് കൂടുതൽ മണ്ണ് കുത്തിയൊലിച്ച് പോയിട്ടുള്ളത്. കനാൽ പാലം വരെയുള്ള ഭാഗം റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിംഗ് നടത്തിയിരുന്നെങ്കിലും ഉദ്യാനം വരെയുള്ള ഭാഗം ഒഴിവാക്കുകയായിരുന്നു. ഈ ഭാഗത്താണ് അറ്റകുറ്റപണികൾ ആരംഭിച്ചത്. നിരവധി വിനോദ സഞ്ചാരികൾ കടന്നുപോകുന്ന വഴിയിൽ അപകടകരമായ നിലയിലാണ് കുഴികൾ രൂപപ്പെട്ടിരുന്നത്. പീച്ചിഡാം ഷട്ടർ തുറന്നതോടെ നിരവധി ആളുകളാണ് ഇതുവഴി ഉദ്യാനത്തിലേക്ക് കടന്നുപോകുന്നത്. പ്രദേശത്തെ കോൺക്രീറ്റിംഗ് പണികൾ നാളെ നടത്തുമെന്ന് വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അറിയിച്ചു.


Post a Comment

0 Comments