തൊഴിലാളികളുടെ ബാഗും പണവും മോഷ്ടിക്കുന്ന മുതലാളി തൃശൂർ സിറ്റി പോലിസിന്റെ പിടിയിൽ


തൃശൂർ. ഇതരസംസ്ഥാനക്കാരെ ജോലിക്കായി വിളിച്ചുകൊണ്ടുപോയി അവരുടെ ബാഗും പണവും മോഷ്ടിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി കമ്മനം മീത്തൽ വീട്ടിൽ പ്രശാന്ത് (39) തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായി. നഗരത്തിൽ കാത്തുനിൽക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അടുത്തെത്തി പണി ചെയ്യിക്കാനെന്ന വ്യാജേന ഇവരെ കൂട്ടിക്കൊണ്ടു പോവുകയാണ് പതിവ്. പുല്ലും കാടും പിടിച്ചുകിടക്കുന്ന ഏതെങ്കിലും സ്ഥലത്ത് ഇവരെ എത്തിച്ച് അവയെല്ലാം വൃത്തിയാക്കാൻ ഏൽപ്പിക്കും. ഇതിനിടിയിൽ മറ്റൊരിടത്ത് വെച്ചിട്ടുള്ള ആയുധങ്ങൾ, സിമന്റ് മുതലായവ എടുത്തുകൊണ്ടുവരാൻ


അവരോട് പറയുകയും ചെയ്യും. തുടർന്ന് അവരുടെ ബാഗും സാധനങ്ങളുമായി സ്ഥലം വിടുകയാണ് ഇയാളുടെ മോഷണ രീതിയെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ ശക്തൻ നഗർ പരിസരത്ത് ഇറക്കി പണി ഏൽപ്പിച്ചു നൽകുകയും തുടർന്ന് അവരുടെ ബാഗും അതിൽ വെച്ചിരുന്ന ഇരുപതിനായിരം രൂപയും മോഷ്ടിച്ച കേസിലാണ് ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ ബാഗും പണവും നഷ്ടപ്പെട്ട പരാതി ലഭിച്ച ഉടൻ തന്നെ, നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും, ഇയാൾ ബാഗ് മോഷണം ചെയ്തു കൊണ്ടുപോകുന്നത് കണ്ടെത്തിയതും.  ഇതര സംസ്ഥാന തൊഴിലാളികൾ സാധാരണയായി അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും അവർ താമസിക്കുന്ന സ്ഥലങ്ങളിൽ അടച്ചുറപ്പില്ലാത്തതിനാൽ അവിടെ സൂക്ഷിക്കാതെ, കൈവശം കൊണ്ടു നടക്കുകയാണ് പതിവ്. ഇതുമനസ്സിലാക്കിയാണ് ഇയാൾ ഇത്തരത്തിലുള്ള മോഷണ പരിപാടി നടത്തുന്നതെന്നും പോലീസ് പറഞ്ഞു. ടൗൺ ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ പി. ലാൽകുമാറിൻെറ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തതിൽ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ 8 കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സബ്ബ് ഇൻസ്‌പെക്ടർ  ഗീതുമോൾ.എസ്., സീനിയർ സിവിൽ പോലീസ് ഓഫീസർ ഭരതനുണ്ണി എൻ, സി.പി.ഒ മാരായ ഹരിഷ് കുമാർ പി, ദീപക് വി.ബി, എന്നിവരും കൺട്രോൾ റൂം സിവിൽ പോലീസ് ഓഫീസർ ശ്യാം മോഹൻഎം, ഷൈൻകെ.ബി, കെ.ബി,  അതുൽ ശങ്കർ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.



Post a Comment

0 Comments