പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂറിന് സ്ഥലംമാറ്റം; യാത്രയയപ്പ് നൽകി


പട്ടിക്കാട്. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന എസ് ഷുക്കൂറിന് സ്ഥലം മാറ്റം. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇന്ന് ഉച്ചക്ക് പീച്ചി പോലീസ് സ്‌റ്റേഷനിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്‌റ്റേഷൻ പരിധിയിലെ ക്രമസമാധാന പാലനത്തിൽ അഭിനന്ദനാർഹമായ സേവനമാണ് സിഐ കാഴ്ചവെച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പോലീസ് സേനയിൽ ജോലി ചെയ്തിരുന്ന തനിക്ക് സിഐ എസ് ഷുക്കൂറിനോടുള്ള ഇടപെടൽ ഒരു അനിയനോട് എന്നപോലെ ആയിരുന്നെന്നും അദ്ദേഹം ഓർമ്മിച്ചു. രണ്ട് വർഷം മുൻപ് കോവിഡ് നിയന്ത്രണങ്ങൾ കർശനമായ സമയത്താണ് എസ് ഷുക്കൂർ പീച്ചി പോലീസ് സ്‌റ്റേഷനിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേൽക്കുന്നത്. പഞ്ചായത്തും ആരോഗ്യവകുപ്പും മറ്റ് സംഘടനകളുമായി സഹകരിച്ച് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുറ്റവാളികളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തന്നെ ആയിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷങ്ങളിൽ പാണഞ്ചേരി പഞ്ചായത്തിൽ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ സാധിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല. ജനമൈത്രി പോലീസിന് നേതൃത്വം നൽകി പഞ്ചായത്തിൽ നിരവധി കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നതിനും അദ്ദേഹത്തിന് സാധിച്ചു. പീച്ചി പോലീസ് സ്‌റ്റേഷന്റെ നിരവധി വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം ചുക്കാൻ പിടിച്ചു. വരും ദിവസങ്ങളിൽ മണ്ണുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ആയിട്ടാണ് എസ് ഷുക്കൂർ ചുമതലയേക്കുക.


Post a Comment

0 Comments