പട്ടിക്കാട്. പട്ടിക്കാട് ഗവൺമെൻറ് എൽപി സ്‌കൂളിൽ നടന്ന ഐ.വി ദാസ് ജന്മദിന പരിപാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ഉദ്ഘാടനം ചെയ്തു. കവിതകളും, കഥകളും, പാട്ടുകളും ഒരു മനുഷ്യന്റെ നന്മയുള്ള ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്തവയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഇ.ടി ജലജൻ പറഞ്ഞു. തുടർന്ന് പാട്ടുപാടിയും കവിത ചൊല്ലിയും ഏറ്റുചൊല്ലിച്ചും കുട്ടികളെ സന്തോഷത്തിന്റെ നിറവിൽ എത്തിച്ചാണ് ഇ.ടി ജലജൻ ഉദ്ഘാടന പ്രസംഗം
അവസാനിപ്പിച്ചത്. വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് പ്രശസ്ത എഴുത്തുകാരൻ ഐ.വി ദാസിന്റെ ജന്മദിന പരിപാടി പട്ടിക്കാട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ നടത്തിയത്. പട്ടിക്കാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മലയാള സാഹിത്യ ലോകത്ത് 12 ഓളം കൃതികൾ എഴുതിയിട്ടുള്ള ഐ.വി ദാസിന് റീഡേഴ്‌സ് പുരസ്‌കാരം, അക്ഷര പുരസ്‌കാരം, പി.എൻ പണിക്കർ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലർ, സാഹിത്യ അക്കാദമി സെക്രട്ടറി, കേരള ഗ്രന്ഥശാല സംഘം ജോയിൻ സെക്രട്ടറി, കൺട്രോൾ ബോർഡ് അംഗം എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2019 ഒക്ടോബർ 30ന് ഈ ലോകത്തോട് വിടപറഞ്ഞു. ഗ്രാമീണ വായനശാല പ്രസിഡൻറ് സി.സി ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വായനശാല കമ്മിറ്റി അംഗം മോഹനദാസൻ ഭാഷയും സംസ്‌കാരവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വായനശാല സെക്രട്ടറി കെ.കെ രഘു, പ്രധാന അധ്യാപിക നിർമല ദേവി, പിടിഎ പ്രസിഡൻറ് പി.ജെ അജി, എംപിടിഎ പ്രസിഡൻറ് അജിത, വായനശാല പ്രതിനിധികളായ എൻ കെ സഹദേവൻ, പി.ജെ അനുരാജ്, സുകുമാരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



0 Comments