തൃശൂർ. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ജലസ്രോതസുകളെ മലിനമാക്കുന്ന സ്ഥാപനങ്ങള്‍, ഫ്‌ലാറ്റ് സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ പരിശോധന നടന്നു. ഹോട്ടലുകള്‍, തട്ടുകടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തടയുന്നതിന്
സ്ഥാപനയുടമകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആയത് പത്ത് ദിവസത്തിനുശേഷം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് ഉറവിടത്തില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടാകണം. സ്ഥാപനങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് മാലിന്യം വിടുന്നതിനും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈല ഗ്രാമപഞ്ചായത്തില്‍ അംഗീകരിച്ച് തുടര്‍നടപടികള്‍ ആരംഭിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ആകെ 3,00,000 രൂപയോളം പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്നും പൊലീസ്, എക്‌സൈസ്, ആരോഗ്യവിഭാഗം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത പരിശോധനകള്‍ നടത്തുന്നതായിരിക്കുമെന്ന് തദ്ദേശസ്വയംവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് അറിയിച്ചു.



0 Comments