പട്ടിക്കാട്. പീച്ചിഡാം റിസർവോയറിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയെ തുടർന്നാണ് ജലനിരപ്പ് കൂടുതൽ ഉയർന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടർന്നാൽ ഡാം തുറക്കാൻ സാധ്യതയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ന് 77.03 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. സ്റ്റോറേജ് ലെവലിൽ 66.331 മില്യൺ മീറ്റർ ക്യൂബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്ക് അനുസരിച്ച് 70 ശതമാനമാണ് ഡാമിലെ ജല നിരപ്പ് എന്ന് പീച്ചി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അർജുൻ അറിയിച്ചു. 22.89 ക്യൂബിക് മീറ്റർ ജലമാണ് നിലവിൽ ഡാമിൽ ഒഴുകിയെത്തുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം 74.66 ആയിരുന്നു ഡാമിലെ ജലനിരപ്പ്. 2.37 മീറ്റർ ജലം കഴിഞ്ഞ വർഷത്തേക്കാൾ അധികം ഡാമിൽ ഉണ്ട്. 79.25 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ഇത് 78 മീറ്ററിൽ ബ്ലൂ അലർട്ടും, 78.30 മീറ്ററിൽ യെല്ലോ അലർട്ടും 78.60 മീറ്ററിൽ റെഡ് അലർട്ടുമാണ് നൽകുക. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് എടുക്കുന്ന വെള്ളത്തിന്റെ അളവ് അതാത് സമയങ്ങളിൽ ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.


0 Comments