പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ കണ്ണാറ സ്വദേശിനി വിദ്യയുടെയും കൊല്ലം സ്വദേശി ഹാഷിമിന്റെയും വിവാഹം നടത്താൻ പാണഞ്ചേരി പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങിയത് ചരിത്ര മുഹൂർത്തമായി മാറി. വിദ്യയുടെ മാതാവ് കുറച്ചുനാൾ മുൻപ് മരണപ്പെടുകയും അച്ഛൻ ഉപേക്ഷിച്ചു പോകുകയും ചെയ്തതോടെ സഹോദരനോടൊപ്പം ആയിരുന്നു വിദ്യ താമസിച്ചിരുന്നത്. ഇതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട്
അനുഭവിച്ചിരുന്ന വിദ്യയുടെ ജീവിതത്തിൽ വിവാഹം എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇതിനിടെ ആറു വർഷം മുൻപ് കുട്ടനെല്ലൂർ കോളേജിൽ വെച്ച് പരിചയപ്പെട്ട ഹാഷിമുമായി കൂടുതൽ അടുത്തതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. വിദ്യയുടെ ജീവിത സാഹചര്യവും വിവാഹം കഴിക്കാൻ എടുത്ത തീരുമാനവും മനസ്സിലാക്കിയ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പഞ്ചായത്ത് ജീവനക്കാരുമായും ജനപ്രതിനിധികളുമായും വിഷയം ചർച്ച ചെയ്യുകയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവാഹം നടത്തി കൊടുക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. മാത്രമല്ല കൊല്ലം സ്വദേശിയായ പീച്ചി സിഐ എസ് ഷുക്കൂർ വഴി ഹാഷിമിനെ കുറിച്ച് വിശദമായ അന്വേഷണവും നടത്തി. പിന്നീട് ഹാഷിമിന്റെ മാതാപിതാക്കളുമായി സംസാരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവാഹം നടത്തി കൊടുക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഹാഷിമിന്റെ പിതാവ് നസീറും സഹോദരങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇരുവരുടെയും വിവാഹം സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതായി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ പറഞ്ഞു. പീച്ചി സിഐ എസ് ഷുക്കൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, കെ.വി അനിത, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ മാത്യു നൈനാൻ, എം.ബാലകൃഷ്ണൻ, കണ്ണാറ വാർഡ് മെമ്പർ രേഷ്മ സജീഷ്, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



0 Comments