പട്ടത്തിപ്പാറയിൽ ഇനി സന്ദർശകരെ അനുവദിക്കില്ല; അനുമതിയില്ലാതെ പ്രവേശിക്കുന്നവർക്ക് തടവും പിഴയും


പട്ടിക്കാട്.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പട്ടത്തിപ്പാറ മേഖലയിൽ ഇനി സന്ദർശകരെ അനുവദിക്കില്ല. അനുമതിയില്ലാതെ പ്രവേശിക്കുന്നവർക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 1000 രൂപ മുതൽ 5000 രൂപ വരെ പിഴയും അടങ്ങുന്ന ശിക്ഷ ലഭിക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ ലോഹിതാക്ഷൻ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്നതോടെ നിരവധി ആളുകളാണ് പട്ടത്തിപ്പാറയിൽ എത്തിച്ചേരാറുള്ളത്. വനത്തിന് ഉള്ളലൂടെയുള്ള കാൽനട യാത്രയും പ്രദേശത്തെ വെള്ളച്ചാട്ടവുമാണ് വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന മുഖ്യഘടകം. പറവട്ടാനിമല നോട്ടിഫൈഡ് റിസർവിന്റെ ഭാഗമായ പട്ടത്തിപ്പാറ വനഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടം തദ്ദേശീയമായി മാത്രം കാണപ്പെടുന്ന പാതാള തവളകളുടെ ആവാസവ്യവസ്ഥകൂടിയാണ്. വർഷത്തിലൊരിക്കൽ ഭൂമിക്കടിയിൽ നിന്ന് ഇവ പുറത്തേക്ക് എത്തും. അൽപ്പദിവസം മാത്രമാണ് പുറത്തിറങ്ങുക. മൺസൂൺ കാലങ്ങളിൽ പാതാളതവളകൾ പ്രജനനത്തിനായി സംഗമിക്കുന്ന സമയമായതിനാൽ വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മാത്രമല്ല പട്ടത്തിപ്പാറ മേഖലയെ ഇതുവരെയും സർക്കാർ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുമില്ല.



Post a Comment

0 Comments